ലാലേട്ടനൊക്കെ ശ്രദ്ധിക്കുന്നത് ആദ്യം സ്ത്രീകള്‍ ഒക്കെ പോയോ എന്നാണ്, ഇന്ന് മാത്രമല്ല അന്നും സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു: ഉര്‍വശി

സിനിമയിലെ സ്ത്രീകള്‍ക്ക് എക്കാലത്തും പ്രശ്‌നമുണ്ടായിരുന്നുവെന്നും അതിനെ നേരിടാനായി മോഹന്‍ലാല്‍ അടക്കമുള്ള സഹതാരങ്ങള്‍ കൂടെയുണ്ടായിരുന്നുവെന്നും ഉര്‍വശി. താരസംഘടനയായ ‘അമ്മ’യുടെ വനിതാദിന ആഘോഷത്തിലാണ് ഉര്‍വശി സംസാരിച്ചത്.

താന്‍ അഭിനയിക്കാന്‍ വന്ന സമയത്ത്, ഇന്ന് മാത്രമല്ല എല്ലാ കാലഘട്ടത്തിലും കുറേ ശല്യവും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെ ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍ ലാലേട്ടനെ പോലുള്ളവര്‍ അന്ന് നമ്മളെ അത്രയേറെ പ്രൊട്ടക്ട് ചെയ്തിരുന്നു എന്നതാണ്.

ഒരു ലൊക്കേഷനില്‍ പോകുമ്പോള്‍ ഇന്നത്തെ പോലെ ഓരോരുത്തര്‍ക്കും വണ്ടിയോ സൗകര്യമോ ഒന്നും ഇല്ല. രണ്ട് വണ്ടിയോ മൂന്ന് വണ്ടിയോ ഉണ്ടാകും. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ ലാലേട്ടനൊക്കെ ശ്രദ്ധിക്കുന്നത് സ്ത്രീകള്‍ ഒക്കെ പോയോ എന്നാണ്.

തന്നെപ്പോലുള്ളവര്‍ മാത്രമല്ല ചെറിയ വേഷം ചെയ്യുന്നവരായിക്കൊള്ളട്ടെ എല്ലാവരും പോയോ എന്ന് നോക്കി തങ്ങളെ വണ്ടിയില്‍ കയറ്റി വിട്ടിട്ടേ അവര്‍ പോകുമായിരുന്നുള്ളു. എന്നാല്‍ ചില ക്രിമികളൊക്കെ അന്നും ഇന്നും ഉണ്ട്. അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ കെപിഎസി ലളിതയെ പോലുള്ളവരുണ്ടായിരുന്നു.

ഇന്ന് സോഷ്യല്‍ മീഡിയ വളര്‍ന്ന കാലത്ത് കുറേ കാര്യങ്ങള്‍ പെട്ടെന്ന് പുറത്ത് വരുകയാണ്. കഴിഞ്ഞ ദിവസമൊക്കെ ഒന്ന് രണ്ട് കാര്യങ്ങള്‍ കേട്ടപ്പോള്‍ വിഷമം തോന്നി. അതേസമയം, പുരുഷന്മാരെ ഒന്നടങ്കം തള്ളിപ്പറയാന്‍ സാധിക്കില്ലെന്നും ഉര്‍വശി വ്യക്തമാക്കി.