എന്റെ ശരീരം മാറ്റിവെച്ച് അഭിനയിക്കാനാവില്ല, മറ്റ് നടന്‍മാര്‍ വേണ്ടെന്നു വെച്ച സിനിമകള്‍ പലതും ഞാന്‍ ചെയ്തിരുന്നു: ഉണ്ണി മുകുന്ദന്‍

സിനിമയില്‍ താന്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മുമ്പ് മറ്റ് നടന്‍മാര്‍ വേണ്ടെന്ന് വച്ച സിനിമകളാണ് തനിക്ക് കിട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ഇപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യുന്നുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

”മേപ്പടിയാന്‍ പോലൊരു സിനിമ ചെയ്യാന്‍ കാത്തിരുന്നതിനാല്‍ 4 വര്‍ഷത്തോളം വില്ലന്‍ വേഷങ്ങളിലും മറ്റുമാണ് അഭിനയിച്ചത്. എന്റെ ശരീരം മാറ്റിവച്ച് അഭിനയിക്കാനാവില്ല. അതിന്റെ പേരില്‍ പലപ്പോഴും ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവസരങ്ങളെ ബാധിച്ചിട്ടുമുണ്ട്.”

”മറ്റു നടന്മാര്‍ വേണ്ടെന്നു വച്ച സിനിമകള്‍ പലതും ചെയ്തിരുന്ന ഞാന്‍, ഇപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യുന്നുണ്ട്. ചെറുതെങ്കിലും അഭിനയ സാധ്യതകളുള്ള നല്ല വേഷം ലഭിച്ചാല്‍ ഇനിയും ചെയ്യും” എന്നാണ് ഉണ്ണി മുകുന്ദന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

വരാനിരിക്കുന്ന സിനിമകളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല അവസ്ഥയിലൂടെയാണ് താന്‍ പോകുന്നത്. ഇനി വരുന്ന ‘മാളികപ്പുറം’ വലിയ റിലീസ് ലക്ഷ്യമിടുന്ന സിനിമയാണ്. പിന്നെ, ഗന്ധര്‍വനായി അഭിനയിക്കുന്ന ഗന്ധര്‍വന്‍ ജൂനിയര്‍.

ഇങ്ങനെ കുറച്ചു സിനിമകളുണ്ട്. ‘യശോദ’യ്ക്ക് ശേഷം തെലുങ്കില്‍ നിന്നുള്ള സിനിമ വന്നെങ്കിലും ഇവിടെ ചെയ്തു തീര്‍ക്കേണ്ട സിനിമകള്‍ ഉള്ളതിനാല്‍ തീരുമാനമായിട്ടില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേസമയം, ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് താരത്തിന്റെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം.