'പതിനഞ്ച് പേര്‍ സിനിമയെ വിമര്‍ശിച്ചപ്പോള്‍ ആയിരം പേര്‍ അനുകൂലിച്ചു, തോല്‍പ്പിച്ചവരോട് സഹതാപം മാത്രം'

നായക വേഷം മാത്രമേ അവതരിപ്പിക്കൂ എന്ന് നിര്‍ബന്ധമൊന്നുമില്ലെന്ന് നടന്‍ ടോവിനോ തോമസ്. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ കഴിവുകള്‍ പുറത്തെടുക്കാന്‍ കഴിയുന്ന റോളുകളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം മലയാളത്തിലും തമിഴിലും ഞാന്‍ വില്ലന്‍ റോളുകളാണ് അവതരിപ്പിക്കുന്നത്. നായക നടന്‍ എന്ന നിലയില്‍ മാത്രം അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചില്ലെങ്കില്‍ കാണികള്‍ക്ക് ബോറടിക്കുമെന്നും ടൊവിനോ പറഞ്ഞു

ആളുകള്‍ സിനിമയെ വിമര്‍ശിക്കുന്നതില്‍ വ്യക്തിപരമായി എനിക്ക് പ്രശ്‌നങ്ങളില്ല. എല്ലാവരും മനുഷ്യരാണ്. അവര്‍ക്കത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അത് കൊണ്ട് അത് എന്തെങ്കിലും ഇല്ലാതാകുന്നുണ്ടോ? വെറുപ്പിന് മുകളിലേക്ക് സിനിമ വളരുന്നതാണ് നമ്മള്‍ കാണുന്നത്. 15 പേര്‍ സിനിമയെ വിമര്‍ശിച്ചപ്പോള്‍ ആയിരം പേര്‍ അനുകൂലിക്കുന്നതാണ് കണ്ടത്. സിനിമയെ തോല്‍പ്പിച്ചവരോട് എനിക്ക് സഹതാപം തോന്നുന്നുവെന്നും ടൊവിനോ പറഞ്ഞു.

“മായാനദി”യിലൂടെ പ്രണയനായക പരിവേഷത്തിലാണ് ഇപ്പോള്‍ ടൊവിനോ എത്തി നില്‍ക്കുന്നത്. വളരെ പതുക്കെ, പതിഞ്ഞ താളത്തില്‍ തുടങ്ങി ബോക്‌സോഫീസില്‍ വളരെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന “മായാനദി”യിലെ മാത്തന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു കഴിഞ്ഞു. മികച്ച പ്രതികരണമാണ് മായാനദിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.