'ഇച്ചായന്‍' എന്ന വിളി പാകമാകാത്ത ട്രൗസര്‍ ഇടുന്ന പോലെയാണ്: ടൊവിനോ തോമസ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ടൊവീനോ തോമസ്. “എടക്കാട് ബറ്റാലിയന്‍ 06” ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ടൊവിനോ. കമ്മിറ്റ്‌മെന്റ് തീര്‍ക്കാന്‍ മാത്രമുള്ള കാര്യമല്ല സിനിമ. എല്ലാ നല്ല സിനിമകളും ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നാല്‍ കൈവിട്ട കളയാന്‍ പറ്റാത്ത ചില സിനിമകള്‍ ചെയ്യുന്നു. ഒരിക്കലും കമ്മിറ്റ്‌മെന്റ് തീര്‍ക്കാനുള്ള രീതിയില്‍ സിനിമ ചെയ്തിട്ടില്ല. സബ്ജക്ട് ഇഷ്ടപ്പെട്ട്, അതിപ്പഴും ആളുകള്‍ക്ക് ഇഷ്ടമാകും എന്ന് തോന്നിയതാണ് ചെയ്യാറുള്ളത് എന്നാണ് ടൊവിനോ പറയുന്നത്.

ഈ വര്‍ഷം നായകനായുള്ള മൂന്ന് സിനിമകള്‍ മാത്രമാണ് ഇറങ്ങിയിരിക്കുന്നത്. കുറേ നാളുകളായി ബ്രേക്ക് എടുക്കണമെന്ന് വിചാരിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ മകള്‍ പ്ലേ സ്‌കൂളില്‍ പോകാന്‍ തുടങ്ങും അതുകൊണ്ട് പോകാന്‍ പറ്റുന്ന സ്ഥലത്ത് ഒക്കെ പോയി. രണ്ടര മാസം ബ്രേക്ക് എടുത്തു. ആദ്യം കംബോഡിയ, പ്രൊഡ്യൂസര്‍ സന്തോഷ് ടി കുരുവിളയും അദ്ദേഹത്തിന്റെ കൂട്ടുകാരും ഉണ്ടായിരുന്നു. തിരിച്ച് വന്ന് ഓണം ആഘോഷിച്ച് പിറ്റേ ദിവസം ഞാനും ഭാര്യയുമൊക്കെ ടര്‍ക്കി ഒക്കെ പോയി. തിരിച്ച് വന്ന് രണ്ട് ഇവന്റ്‌സ് കഴിഞ്ഞ് ചൈനയിലേക്ക് പോയി. മൂന്നു വര്‍ഷമായി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ചിലവിട്ടു. യാത്ര പോയി. ഇനിയും പോകാനാണ് തോന്നുന്നത്.

കല്‍ക്കിയില്‍ ചെയ്ത പോലെ ഒരു കഥാപാത്രം വേറെ സിനിമയില്‍ ചെയ്തിട്ടില്ല. അത് പോലെ ഫോറന്‍സിക്, മിന്നല്‍ മുരളി, പിന്നെ ഒരു ഹൊറര്‍ സിനിമ വരുന്നുണ്ട്. കല്‍ക്കിയിലാണ് ആദ്യമായി ഫൈറ്റ് ചെയ്യുന്നത്. ഓരോ സിനിമയിലും പുതിയ കാര്യങ്ങളൊക്കെ ചെയ്യാനുള്ള അവസരങ്ങള്‍ കിട്ടുകയാണ്. പൊതുവേ എല്ലാവരുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് നല്ല സിനിമകള്‍ ചെയ്യണമെന്ന് മാത്രമേ ഉള്ളു. എല്ലാ നല്ല ക്രൂവിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ട്. സിനിമയിലുള്ളവരും സഹായിക്കുന്നുണ്ട്. കല്‍ക്കിയുടെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത് മോഹന്‍ലാലാണ്. ഗാനം പൃഥിരാജാണ് പുറത്ത് വിട്ടത്. ഗപ്പിയുടെ സമയത്ത് ഫഹദ്, ദുല്‍ഖര്‍ അങ്ങനെ പലരും ചെയ്തിട്ടുണ്ട്. പലരും ഷെയര്‍ ചെയ്യാറുണ്ട്. അവരുടെ സിനിമകള്‍ വരുമ്പോള്‍ ഞാനും ചെയ്യാറുണ്ട്. ഇന്‍ഡസ്ട്രി വളരുമ്പോള്‍ നമ്മളും വലുതാകുന്നു. എന്റെ ഫെയ്‌സ്ബുക്ക് പോജില്‍ എന്റെ സിനികളേക്കാള്‍ മറ്റ് സിനിമകളുടെ വാര്‍ത്തകളാണ് വരാറ്. എല്ലാരും തമ്മില്‍ നല്ല സൗഹൃദമാണ്.

ഞാന്‍ സിനിമയില്‍ വന്നിട്ട് ഏഴ് വര്‍ഷമേ ആയുള്ളു. പണ്ടേയുള്ള താരങ്ങളെ കാണുമ്പോള്‍ വളരെ സന്തോഷമാണ്. അമ്മയുടെ ഒക്കെ മീറ്റിങ് സമയത്ത് എല്ലാ താരങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഒരു ചെറിയ കുട്ടിക്ക് ഉണ്ടാകുന്ന അത്ഭുതം തന്നെയാണുള്ളത്.

പൃഥിരാജ് എനിക്ക് സംശയങ്ങള്‍ ചോദിക്കാനുള്ള അനുവാദം തന്നിട്ടുണ്ട്. ലൂസിഫര്‍ കഥ എഴുതികൊണ്ടിരിക്കുമ്പോള്‍ പൃഥിരാജ് ഒരു ദിവസം പറഞ്ഞു എഴുതി വന്നപ്പോള്‍ വല്ലാതെ നന്നായിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് അത് ഞാന്‍ തന്നെ ചെയ്താ മതിയെന്നായി. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു, ചതിക്കല്ലേ എല്ലാവരോടും ഞാന്‍ പറഞ്ഞ് പോയി ലൂസിഫറില്‍ ഉണ്ടെന്ന്. മുരളി ഗോപി തിരക്കഥ എഴുതി കൊണ്ട് വന്നപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ ആവേശത്തിലായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ ആ കഥാപാത്രം ചെയ്യാമായിരുന്നു എന്ന് തോന്നും. തമാശയായിട്ട് പറയും. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെ തിയേറ്ററില്‍ കണ്ടത് ലൂസിഫറിലൂടെയാണ്.

ചുംബിക്കുന്ന സീനുകള്‍ മാത്രം കാണുന്നത് കപട സദാചാരത്തിന്റെ ഭാഗമാണ്. കമലഹാസന്‍ 25 കൊല്ലം മുമ്പ് ലിപ് ലോക്ക് ചെയ്തപ്പോഴും ഇങ്ങനെയായിരുന്നു. എന്നിട്ടും അദ്ദേഹം നല്ല നിലയില്‍ തന്നെ ഇല്ലേ. എന്റെ ഭാര്യയെ പറ്റിയും എന്റെ കുടുംബത്തെ പറ്റിയും ആലോചിക്കാന്‍ നിറയെ ആള്‍ക്കാരുണ്ട്. അവര് പോലും ചിന്തിക്കാത്ത തരത്തില്‍ അവരുടെ ഭാവിയെപ്പറ്റി, ഫീലിങ്‌സിനെ പറ്റി ചിന്തിച്ച ആള്‍ക്കാരുണ്ട് അതില്‍ വളരെ സന്തോഷമുണ്ട്. ഞാനും എന്റെ ഭാര്യയും ഇതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്. സിനിമ ആവശ്യപ്പെടുന്ന എന്ത് രംഗമാണെങ്കിലും ചെയ്യും.

ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ അന്യമായ ഒരു ഫീലിങ് ആണ്. കോമഡിയാണ്. കൂട്ടുകാരൊക്കെ ഹൊയ് ഹൊയ് ഇച്ചായാ എന്ന് പാട്ട് പാടി കളിയാക്കും. ഇതുവരെ ആരും എന്നെ അങ്ങനെ വിളിച്ചിട്ടില്ല. തൃശൂര്‍ ഭാഗത്തൊന്നും അങ്ങനെ ഇല്ല. ചേട്ടന്‍ എന്നാണ് അവിടെയുള്ളവര്‍ വിളിക്കുക. ഇന്നലെ വരെ ടൊവിനോ, ടൊവി അല്ലെങ്കില്‍ ടൊവിനോ ചേട്ടന്‍ ആയിരുന്ന ഒരാള്‍ പെട്ടെന്ന് ഇച്ചായന്‍ ആകുമ്പോള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ട്രോള്‍ ചെയ്യപ്പെടുന്നു. ഇച്ചായ എന്ന വിളി പാകമാകാത്ത ട്രൗസര്‍ ഇടുന്ന പോലെയാണ്, അത് തീരെ ഫിറ്റ് ആകുന്നില്ല എന്ന് ടൊവിനോ പറയുന്നു.

ചേട്ടനും ആയി നല്ല അടുപ്പമാണ്. ലോകത്ത് ഒരാളോടും പറയാത്തത് ചേട്ടനോട് പറഞ്ഞിട്ടുണ്ട്. ചേട്ടനും അങ്ങനെ തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ ഫോട്ടോകള്‍ വരെ ചുരുക്കമാണ്.

പ്രളയ സമയത്ത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്ന് പറഞ്ഞു. അങ്ങനെ പ്ലാന്‍ ചെയ്ത് ചെയ്യാനുള്ള വിവരം ഒന്നും എനിക്കില്ല. ഇത്തവണ പ്രളയ സമയത്ത് ഒളിച്ചാണ് നടന്നിരുന്നത്. ഒന്നും ചെയ്യാതിരുന്നാല്‍ അത് നമുക്ക് മനസാക്ഷി കുത്താകും. ചെയ്താലും ആരും അറിയരുത് അതാ നല്ലത്.

എന്റെ സുഹൃത്ത് ശ്യമിന്റെ കൂടെ ഹാന്‍ഡ്‌ബോള്‍ ഡോണ്‍ബോസ്‌ക്കോ സ്‌കൂളില്‍ പോയി കളിക്കാറുണ്ട്. പണ്ട് ജൂനിയേഴ്‌സായി പഠിച്ചവര്‍ അവിടെ കളിക്കുന്നുണ്ട്. ജൂനിയറായി പഠിച്ച ഒരാളാണ് അവിടെ പിടി മാഷ്. ഞാന്‍ കംബോഡിയ പോയി എത്തിയപ്പോഴേക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒക്കെ തുടങ്ങി. പിന്നെ കൂട്ടുകാര്‍ ശിവന്‍, അരുണ്‍ റാവു ഒക്കെ വന്നു. ജേഴ്‌സി ഒക്കെ അടിച്ച് കളിക്കാനിറങ്ങി.

സിനിമാ കുടുംബത്തില്‍ നിന്ന് വരുന്നവര്‍ക്ക് മുകളില്‍ വളരെ പ്രഷറാണ്. അവരും നന്നായി ചെയ്യണമെന്ന് പ്രേക്ഷകര്‍ വിചാരിക്കും. സിനിമാ പാരമ്പര്യമുള്ളവര്‍ക്ക് ഒരു ഹെഡ് സ്റ്റാര്‍ട്ട് ഒക്കെ കിട്ടിയേക്കാം. സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ ടാലന്റ് തന്നെ വേണം. സിനിമയില്‍ വിജയിച്ച് കഴിഞ്ഞാല്‍ ആരും മാറില്ല. അത് അവരല്ല മാറുന്നത്, ചുറ്റുമുള്ള ആള്‍ക്കാരുടെ കാഴ്ചപ്പാടാണ് മാറുന്നത്. പല സുഹൃത്തുക്കളും എന്നെ വിളിക്കില്ല ചോദിച്ച് കഴിഞ്ഞാല്‍ നീ തിരക്കിലാകും എന്ന് വിചാരിച്ച് എന്ന് പറയും. പണ്ട് അളിയാ എന്ന് വിളിച്ചോണ്ടിരുന്നവര്‍ ഇപ്പോള്‍ അടുപ്പം കാണിക്കാന്‍ മടിക്കുന്നു.

എടക്കാട് ബറ്റാലിയനില്‍ പി ബാലചന്ദ്രന്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ സന്തോഷം. ഈ സിനിമ ഒരു ഓര്‍മിപ്പിക്കലാണ് പട്ടാളക്കാരന്റെ ധീരതയും നാടിനോട് കാണിക്കുന്ന കമ്മിറ്റ്മെന്റും, അതേ സമയം പട്ടാളക്കാര്‍ക്കുള്ള ഒരു ആദരവ് കൂടിയാണ്. എന്റെ കഥാപാത്രം പട്ടാളക്കാരനാണ്, അതിന്റെ ഒരു ഷെയ്ഡ് ചിത്രത്തിലുടെ നീളം കാണാന്‍ സാധിക്കും. കുറച്ച് മിലിറ്ററി ഓപ്പറേഷന്‍സ് ഉണ്ട്. എന്നാല്‍ മുഴുവനും മിലിറ്ററി ഓപ്പറേഷന്‍സ് അല്ല. കണ്ടന്റില്‍ തന്നെയാണ് ഇതിന്റെ സ്ട്രെങ്ത് ഇരിക്കുന്നത്. ചിത്രത്തിലെ മറ്റുള്ള കഥാപാത്രങ്ങളെയെല്ലാം കണക്ട് ചെയ്യുന്ന ആളായാണ് എന്റെ കഥാപാത്രം. ഈ പട്ടാളക്കാരന്റെ ഫാമിലി, വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി, സുഹൃത്ത്, മറ്റ് ബന്ധുക്കള്‍, നാട്ടിലെ കുറച്ച് ചെറുപ്പക്കാരും ഇയാളും തമ്മിലുള്ള സംഘര്‍ഷം ഒക്കെയാണ് ചിത്രത്തിലുള്ളത് എന്നാണ് ടൊവിനോ പറയുന്നത്.

.