കളക്ഷന്‍ റെക്കോഡുകളോ കോടി ക്ലബുകളോ ഒരിക്കലും എന്റെ വിഷയമല്ല: ടൊവീനോ തോമസ്

കളക്ഷന്‍ റെക്കോര്‍ഡുകളെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടാറില്ലെന്ന് നടന്‍ ടൊവീനോ തോമസ്. മുടക്കു മുതല്‍ എങ്കിലും തിരിച്ച് കിട്ടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും കളക്ഷന്‍ റെക്കോര്‍ഡുകളോ കോടി ക്ലബുകളോ ഒരിക്കലും തന്റെ വിഷയമല്ലെന്നും ടൊവീനോ പറയുന്നു.

“ഒരു സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് മൂന്നു കാര്യങ്ങളാണ്. സിനിമയ്‌ക്കൊരു മിനിമം കലാമൂല്യം ഉണ്ടാകണം. എന്നെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കും അതില്‍ എന്റര്‍ടെയ്ന്‍മെന്റ് വാല്യൂ കണ്ടെത്താന്‍ കഴിയണം. പണം മുടക്കുന്നവര്‍ക്ക് മുടക്കുമുതല്‍ എങ്കിലും തിരിച്ചുകിട്ടണം. അതിനപ്പുറത്തേക്ക് കളക്ഷന്‍ റെക്കോഡുകളോ കോടി ക്ലബുകളോ ഒരിക്കലും എന്റെ വിഷയമല്ല.”

“ഗ്യാപ്പില്ലാതെ സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും മറ്റേതൊരു നടനും അയാളുടെ സിനിമയ്ക്കു കൊടുക്കുന്ന സമയവും തയാറെടുപ്പുകളും ഞാനും കൊടുക്കാറുണ്ട്. ലുക്കിലും ബോഡിയിലുമെല്ലാം ആവശ്യമായ മേക്കോവറുകള്‍ വരുത്തും. ഗപ്പിയില്‍ കണ്ട ടൊവീനോയെ ആണോ നിങ്ങള്‍ ഗോദയില്‍ കണ്ടത്? ലൂക്കയിലെ ലുക്കിലാണോ ഞാന്‍ കല്‍ക്കിയില്‍ വന്നത്? ഇതുവരെ ചെയ്ത 32 കഥാപാത്രങ്ങളും ഉള്ളില്‍ തന്നെയുണ്ട്. ഇപ്പോഴും മായാനദി കാണുമ്പോള്‍ ഞാന്‍ മാത്തനാകും. ഗപ്പി കാണുമ്പോള്‍ തേജസ് വര്‍ക്കിയാകും. തീവണ്ടി കാണു മ്പോള്‍ ബിനീഷാകും. ഈ കഥാപാത്രങ്ങളിലെല്ലാം ഞാനുണ്ട്.” വനിതയുമായുള്ള അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു.