സൈബർ അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതികരിച്ച് നടി ഹണി റോസ്. മുഖ്യമന്ത്രി വാക്ക് പാലിച്ചെന്ന് ഹണി റോസ് പറഞ്ഞു. നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായും ഹണി റോസ് പറഞ്ഞു. അതേസമയം കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘം വയനാട് നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.
ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്നും ഹണി റോസ് പറഞ്ഞു. തന്‍റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണം എന്ന് തോന്നി. മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്. അത്രയും വലിയ ടോര്‍ച്ചര്‍ വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുകയായിരുന്നു, അതില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കാം ബോബി ചെമ്മണ്ണൂര്‍ എന്ന വ്യക്തി ഞാന്‍ നിന്ന ഒരു വേദിയില്‍ വച്ച് മോശമായ പല പരാമര്‍ശങ്ങളും നടത്തിയതെന്ന് ഹണി റോസ് പറയുന്നു.
പിന്നീട് ഞാൻ അത് നിര്‍ത്താന്‍ പറഞ്ഞിട്ടും ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ തുടങ്ങി. ഇത് എന്നെ ഒരാള്‍ വെല്ലുവിളിക്കുന്ന അവസ്ഥയിലായിപ്പോയി. ഇവിടെ ഒരു നിയമമുണ്ട്. എന്നാല്‍ ഇയാള്‍ തുടര്‍ച്ചയായി പിന്നാലെ കൂടി ക്രിമിനല്‍ പ്രവര്‍ത്തി ചെയ്യുകയായിരുന്നു. ഒടുവില്‍ ഇത് നിര്‍ത്തണം എന്ന ആഗ്രഹത്തോടെയാണ് ഞാനും കുടുംബവും തീരുമാനം എടുത്ത് ഇതിനെതിരെ നീങ്ങിയത്. എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനത്തിലാണ് കേസ് കൊടുത്തതെന്നും ഹണി റോസ് പറഞ്ഞു.
ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി. വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. തനിക്കെതിരെ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.