സന്ധ്യാചര്‍ച്ചകള്‍ക്കല്ല നേതാക്കന്മാര്‍ ഇരിക്കേണ്ടത്, ആ സമയം നിങ്ങള്‍ മലപ്പുറത്തും നിലമ്പൂരിലും നേരിട്ടിറങ്ങൂ, പ്രസംഗിക്കാതെ പ്രവര്‍ത്തിക്കൂ: ടിനി ടോം

നേതാക്കന്മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് പ്രസംഗിച്ച് സമയം കളയാതെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് നടന്‍ ടിനി ടോം. റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് ടിനു ടോം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വേണ്ട സഹായം ലഭിച്ചില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞതിനെ അനുകൂലിച്ച ടിനു ടോം ധര്‍മജന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ വികാരമാണ് അദ്ദേഹം പങ്കുവെച്ചതെന്നും പറഞ്ഞു.

‘അവനെ എത്രമാത്രം ആളുകള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് കമന്റുകള്‍ കണ്ടാല്‍ അറിയാം. പാര്‍ട്ടി നോക്കിയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ആരാണോ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യേണ്ടത് അവരോടാണ് ധര്‍മജന്‍ പറഞ്ഞത്. ഒരിക്കലും ഒരു പ്രസ്ഥാനത്തിനെതിരെയല്ല പറഞ്ഞത്. അവന്റെ സഹജീവികള്‍ കഷ്ടപ്പെടുന്നത് കണ്ടാണ് അങ്ങനെയൊരു പ്രതികരണം ഉണ്ടായത്.’

‘കഴിഞ്ഞ തവണ താരസംഘടനയായ അമ്മ അഞ്ച് കോടിയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. പണം എന്ത് ചെയ്തെന്ന് അന്വേഷിച്ചപ്പോള്‍ ഗവണ്‍മെന്റിന്റെ പോളിസി അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാനാകൂ എന്നാണ് അവര്‍ പറഞ്ഞത്. അത് എങ്ങനെ ഉപയോഗിച്ചൂ എന്നതിനെ കുറിച്ച് അറിയാനുള്ള അവകാശവും അര്‍ഹതയും നമുക്കുണ്ട്. ചാനലുകളിലെ സന്ധ്യാചര്‍ച്ചകളില്‍ അല്ല നേതാക്കാള്‍ ഇരിക്കേണ്ടത്. ആ സമയം നിങ്ങള്‍ മലപ്പുറത്തും നിലമ്പൂരിലും നേരിട്ടിറങ്ങൂ. പ്രസംഗിക്കാതെ പ്രവര്‍ത്തിക്കൂ എന്നാണ് ഞാന്‍ പറയുന്നത്.’ ടിനു ടോം പറഞ്ഞു.