'മതം കൊണ്ട് ഞാനൊരു ക്രിസ്ത്യാനി, സംസ്‌കാരം കൊണ്ട് ഹിന്ദു, മുസ്ലീങ്ങള്‍ എന്റെ സഹോദരങ്ങള്‍'; ഈശോ വിവാദത്തില്‍ തെറി വിളിച്ചയാളോട് ടിനി ടോം

ദിവസങ്ങളായി നാദിര്‍ഷയുടെ ‘ഈശോ’ സിനിമയ്‌ക്കെതിരെ വിവാദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികളും പുരോഹിതന്‍മാരും ചിത്രത്തിന്റെ പേരിനെതിരെ രംഗത്തെത്തുമ്പോള്‍ മറ്റൊരു വിഭാഗം നാദിര്‍ഷയെ പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്. നടന്‍ ടിനി ടോമും നാദിര്‍ഷയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ടിനി ടോമിന്റെ ഫെയ്‌സ്ബുക്കില്‍ അസഭ്യ കമന്റുമായെത്തിയ ഒരാള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എബ്രഹം ആരണ്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നിരിക്കുന്നത്. ക്രിസ്ത്യന്‍ മതസ്ഥര്‍ക്കിടയില്‍ വര്‍ഗീയ പ്രചരണം നടത്തുന്ന ‘കാസ’യുടെ ലോഗോ വച്ച അസഭ്യ വാക്കുകള്‍ അടങ്ങിയ മീം ആണ് കമന്റ് ആയി വന്നത്.

വ്യാജ അക്കൗണ്ടില്‍ നിന്നെത്തിയ ഈ കമന്റിന്റെയും നല്‍കിയ മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് ടിനി ടോം ഇപ്പോള്‍. അസഭ്യ വര്‍ഷത്തിന് ”ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ ഇത്. ക്രിസ്തു ഇതാണോ പഠിപ്പിച്ചത്” എന്നാണ് ടിനി ടോം ചോദിക്കുന്നു.

”മതം കൊണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ്. സംസ്‌കാരം കൊണ്ട് ഹിന്ദുവും മുസ്ലീങ്ങള്‍ എന്റെ സഹോദരങ്ങളുമാണ്. എനിക്ക് ഇങ്ങനയെ ജീവിക്കാന്‍ പറ്റൂ പ്രിയ വ്യാജ വ്യക്തി” എന്നാണ് പോസ്റ്റിനൊപ്പം ടിനി ടോം കുറിച്ചിരിക്കുന്നത്. അതേസമയം ഈശോയ്‌ക്കെതിരെയുള്ള പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കിയെന്ന കാരണത്താല്‍ വിഷയത്തില്‍ ഇടപെടാനാകില്ല എന്ന് കോടതി അറിയിച്ചു.

Read more