ഞാന്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത് ? സോഷ്യല്‍ മീഡിയ വിമര്‍ശകന് സ്വരയുടെ മറുപടി

ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയ്ക്ക് എഴുതിയ കത്ത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയ്ക്കുകയാണ്. പദ്മാവത് കണ്ടശേഷം താനൊരു യോനിയായി ചുരുങ്ങിപോയെന്ന് അനുഭവപ്പെട്ടുവെന്ന കത്തിലെ വാചകത്തിനെതിരെ ഇതിനകം ബോളിവുഡിലെ ഉന്നതര്‍ രംഗത്തെത്തിക്കഴിഞ്ഞു. അക്കൂട്ടത്തില്‍ സംവിധായകനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അംഗവുമായ വിവേക് അഗ്നിഹോത്രിയും ഉണ്ടായിരുന്നു.  ഇപ്പോഴിതാ അഗ്നിഹോത്രിയുടെ ട്വീറ്റിനോട് പ്രതികരിച്ചിരിക്കുകയാണ്

“ബസ്തറിലെ ധാരാളം എക്‌സ് നക്‌സല്‍ സ്ത്രീകളുമായി അഭിമുഖം നടത്തിയാല്‍ മനസിലാകുന്നതെന്താണ്. അവര്‍ക്ക് എല്ലാവര്‍ക്കും ഒരു ദുരന്ത കഥ പറയാനുണ്ടാവും. ബലാത്സംഗങ്ങള്‍ അവിടെ തുടര്‍കഥയാണ് വിവാഹം കഴിയ്ക്കാന്‍ അവര്‍ക്ക് അനുവാദമില്ല. ഇനി കഴിച്ചാലോ കുട്ടികളെ പ്രസവിക്കാനോ വളര്‍ത്താനോ അനുവാദമില്ല. എനിയ്ക്കു തോന്നുന്നത് സ്വരഭാസ്‌കറിനെ പോലെയുള്ള കപട ഫെമിനിസ്റ്റുകള്‍ യഥാര്‍ത്ഥ “യോനി” അനുഭവപ്പെടുന്നത് എങ്ങനെയെന്ന് ഒരു ട്രിപ്പ് പോകേണ്ടത് അനിവാര്യമാണ് എന്നാണ് വിവേക് തന്റെ ട്വിറ്ററില്‍ കുറിച്ചത്.

അതിനെതിരെ ശക്തമായ പ്രതികരണവുമായി സ്വരയും രംഗത്തെത്തി. നിങ്ങള്‍ ആവശ്യപ്പെടുന്നത് ഞാന്‍ പോയി ബലാത്സംഗം അനുഭവിക്കണമെന്നാണോ??????? കാര്യമായിട്ടും അതു തന്നെയാണോ നിങ്ങള്‍ പറയുന്നത്?? ട്വീറ്റിലൂടെ നിങ്ങള്‍ ആരാണെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു വിവേക്.,ഇത്തരം പെരുമാറ്റം നിങ്ങളുടെ മാനവും മര്യാദയും എത്ര അസംബന്ധമായിരുന്നു എന്നാണ് തെളിയിക്കുന്നത്. സ്വര പറഞ്ഞു.

മുന്‍പ് എഎന്‍ഐ ന്യൂസ് ഏജന്‍സിയോട് തന്റെ കത്തിനെതിരെ ബോളിവുഡില്‍ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളെപ്പറ്റി സ്വര പ്രതികരിച്ചിരുന്നു. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാന്‍ എന്റെ അഭിപ്രായം വളരെ മാന്യമായിത്തന്നെയാണ് അവതരിപ്പിച്ചത്. ഒരു ഗൂഢലക്ഷ്യവും അതിനുപിന്നില്‍ എനിയ്ക്ക് ഉണ്ടായിരുന്നില്ല. വി യില്‍ ആരംഭിക്കുന്ന ഒരു വാക്ക് ആളുകളെ ഇത്രയും അസ്വസ്ഥരാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുമില്ല . സ്വര പറഞ്ഞു.