സ്വര ഭാസ്കറിന്‍റെ യോനി പരാമര്‍ശത്തിന് ദീപികയുടെ മറുപടി

ബന്‍സാലിയുടെ പത്മാവത് സിനിമ കണ്ടിറങ്ങിയപ്പോള്‍ താനൊരു യോനിയായി ചുരുങ്ങിയെന്ന് പറഞ്ഞ സ്വര ഭാസ്‌കറിന് മറുപടിയുമായി ദീപിക പദുക്കോണ്‍. സിനിമ തുടങ്ങും മുന്‍പ് എഴുതി കാണിക്കുന്ന ഡിസ്‌ക്ലൈമര്‍ സ്വര ഭാസ്‌കര്‍ ശ്രദ്ധിച്ചു കാണില്ലെന്നാണ് ദീപിക പറഞ്ഞത്.

സിനിമ തുടങ്ങും മുന്‍പ് എഴുതിക്കാണിക്കുന്ന ഡിസ്‌ക്ലൈമറില്‍ സിനിമയില്‍ ഒരു തരത്തിലുള്ള ആചാരങ്ങളെയും പ്രകീര്‍ത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. ആ സിനിമ ഏതു കാലഘട്ടത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണെന്ന് മനസിലാക്കണമെന്നതാണ് രണ്ടാമത്തെ കാര്യം. ജോഹര്‍ എന്ന ആചാരത്തെ കുറിച്ചു മാത്രമല്ല ആ സിനിമ, അതിനുമപ്പുറം സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപിക പദുക്കോണ്‍ പറഞ്ഞു.

സിനിമ കണ്ടതിന് ശേഷം താനൊരു യോനിയായി ചുരുങ്ങിയതായി തോന്നിയെന്ന് സ്വര ദ് വയറില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. “സംസാരിക്കുകയും നടക്കുകയും ചെയ്യുന്ന യോനി മാത്രമല്ല സ്ത്രീ. ശരിയാണ് സ്ത്രീകള്‍ക്ക് യോനിയുണ്ട്, പക്ഷെ അവര്‍ക്ക് അതിലൂമേറെയുമുണ്ട്. യോനിയെ സംരക്ഷിക്കുക, പരിശുദ്ധമാക്കുക തുടങ്ങിയവ മാത്രമല്ല സ്ത്രീയ്ക്ക് അവളുടെ ജീവിതത്തില്‍ ചെയ്യാനുള്ളത്. യോനിക്ക് ആ ബഹുമാനം കിട്ടിയിരുന്നെങ്കില്‍ നല്ലത്, പക്ഷെ നിര്‍ഭാഗ്യവശാല്‍ അത് സംഭവിക്കുന്നില്ല. അവളുടെ അനുവാദമില്ലാതെ ഒരാള്‍ അവളുടെ യോനിയോട് അനാദരവ് കാണിച്ചതിന് അവളെ മരണം കൊണ്ട് ശിക്ഷിക്കേണ്ടതില്ല. യോനിക്ക് പുറത്ത് ജീവിതമുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട ശേഷവും ജീവിതമുണ്ട്’ – തുടങ്ങിയ സ്ത്രീപക്ഷ ചിന്താഗതികളാണ് സ്വര മുന്നോട്ടുവെയ്ക്കുന്നത്.

പത്മാവത് കണ്ട് ഇറങ്ങിയപ്പോള്‍ എനിക്ക് തോന്നിയത് ഞാനൊരു യോനിയായി മാത്രം ചുരുങ്ങി പോയോ എന്നതാണ്. അതിനാലാണ് യോനിയെക്കുറിച്ച് ഇത്രയധികം എഴുതിയതെന്നും സ്വര പറഞ്ഞു. സതി, ജോഹര്‍ പോലുള്ളവ സാമുഹിക ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്, പക്ഷെ ദുരാചാരങ്ങളെ ഇത്ര മഹത്വവത്ക്കരിക്കേണ്ട കാര്യമില്ല. ഇത്തരം ദുരാചാരങ്ങള്‍ സ്ത്രീക്ക് തുല്യത നിഷേധിക്കുന്നുവെന്ന് മാത്രമല്ല അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കുന്നു. സതി, ബലാത്സംഗം എന്നിവ ഒരു മനോനിലയുടെ ഇരുവശങ്ങളാണ്. – സ്വര ബന്‍സാലിയോടായി പറഞ്ഞു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും സ്വര ഭാസ്കറിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.