'ഇത് പുതിയ തുടക്കം, ഭീകരാക്രമണ കേസിലെ പ്രതിയെ ഞങ്ങള്‍ പാര്‍ലിമെന്റിലേക്ക് അയക്കുന്നു ; പ്രജ്ഞയുടെ വിജയത്തെ പരിഹസിച്ച് സ്വര ഭാസ്‌കര്‍

ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ്ങ് താക്കൂറിന്റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. “ഇത് ഇന്ത്യയുടെ പുതിയ തുടക്കം! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ പാര്‍ലിമെന്റിലേക്ക് അയയ്ക്കുന്നു. ഓഹോ… ഇനി നമ്മളെങ്ങനെ പാകിസ്താനെ കുറ്റപ്പെടുത്തും?” എന്നാണ് സ്വരയുടെ ട്വീറ്റ്.

മലേഗാവ് സ്ഫോടന കേസിലെ പ്രതിയാണ് പ്രജ്ഞ. ഭോപ്പാലില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്ങിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. 3.6 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പ്രജ്ഞയുടെ വിജയം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പ്രജ്ഞ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്നാണ് പ്രജ്ഞ പറഞ്ഞത്. വ്യാപക വിമര്‍ശനത്തിന് കാരണമായപ്പോള്‍ ബി.ജെ.പി നേതൃത്വത്തിന് പ്രജ്ഞയെ തള്ളിപ്പറയേണ്ടിവന്നു.