ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ അഭ്യാസം കാണിച്ച യുവാക്കളെ ശകാരിച്ച് സൂര്യ

രാത്രിയില്‍ ഹെല്‍മറ്റ് ധരിയ്ക്കാതെ അപകടകരമായി ബൈക്കോടിച്ച യുവാക്കള്‍ നടന്‍ സൂര്യയുടെ വക ശകാരം. തന്റെ പുതിയ ചിത്രം താനാ സേര്‍ന്തകൂട്ടത്തിന്റെ തെലുങ്ക് പതിപ്പായ ഗാങ്ങിന്റെ പ്രമോഷനായി ആന്ധ്രയില്‍ എത്തിയതായിരുന്നു താരം, കാറില്‍ രാത്രി യാത്രചെയ്യവേയാണ് യുവാക്കളുടെ ബൈക്ക് പ്രകടനം ശ്രദ്ധയില്‍പ്പെട്ടത്.

അപകടകരമായി ബൈക്കോടിക്കുന്നതിനിടയില്‍ യുവാക്കളിലൊരാള്‍ സൂര്യയുടെ കാറിന്റെ ടയറിനു സമീപത്തായി വീണു. അയാളും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇതില്‍ ക്ഷുഭിതനായ സൂര്യ കാറില്‍ നിന്നിറങ്ങി യുവാക്കളുടെ അടുത്തത്തി ദേഷ്യപ്പെട്ടു. ന്നൊല്‍ താരം പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ ജയ് സൂര്യ എന്ന് യുവാക്കള്‍ ആര്‍ത്തുവിളിയ്ക്കുകയായിരുന്നു.

എന്നാല്‍ സംഭവം നടന്നതിന്റെ പിറ്റേദിവസം മാധ്യമങ്ങളുമായി സംസാരിയ്ക്കവേ സൂര്യ രാത്രിയിലെ യുവാക്കളുടെ ബൈക്ക് പ്രകടനത്തെപ്പറ്റിയും പ്രതിപാദിച്ചു. ഞാന്‍ ഇങ്ങോട്ട് വരുമ്‌പോള്‍ കുറച്ച് ചെറുപ്പക്കാരുടെ ബൈക്ക് പ്രകടനം കണ്ടു. അതിലാരും തന്നെ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അവരിലൊരാള്‍ എന്റെ കാറിന്റെ ടയറിനടുത്തായി വീണു. അയാള്‍ക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്റെ ജീവിതകാലം മുഴുവന്‍ അതൊരു വിഷമമായി നിലനിന്നേനെ സൂര്യ പറഞ്ഞു.