'ഒരു സ്വര്‍ണ്ണ പരസ്യം ചെയ്‌തെന്ന് വെച്ച് വിസ്മയയുടെ മരണത്തില്‍ വേദനിക്കാന്‍ ജയറാമിന് അവകാശമില്ലേ?'; ട്രോളുകള്‍ക്ക് എതിരെ സുരേഷ് ഗോപി

വിസ്മയയുടെ മരണത്തിന് പിന്നാലെ നടന്‍ ജയറാം പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ ജയറാമിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മകള്‍ മാളവികയ്ക്കൊപ്പം ജയറാം അഭിനയിച്ച മലബാര്‍ ഗോള്‍ഡിന്റെ പരസ്യമാണ് താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇപ്പോള്‍ നടനും എംപിയുമായ സുരേഷ് ഗോപി ജയറാമിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സ്വര്‍ണ്ണ പരസ്യത്തില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ ജയറാമിന് വിസ്മയയുടെ മരണത്തില്‍ ദുഃഖം പങ്കുവെയ്ക്കാന്‍ അവകാശമില്ലെ എന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“മരിച്ച പെണ്‍കുട്ടിയെയും കുടുംബത്തിനെയും പിന്തുണച്ച് രംഗത്തെത്തിയ ചില സെലിബ്രിറ്റീസും സൈബര്‍ ആക്രമണം നേരിടുന്നു. ജയറാമിനൊരു അവകാശമില്ലെ ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെയ്ക്കാന്‍. അദ്ദേഹം ഒരു പരസ്യം ചെയ്തു എന്ന് പറയുന്നത് ശരി തന്നെയാണ്. സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ് വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. അല്ലതെ ബാന്‍ ചെയ്തിരിക്കുന്ന ഒരു പൊരുളൊന്നുമല്ല.

കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്. ഈ വിസ്മമയുയുടെ അര്‍ച്ചനയുടെ ഉത്തരയുടെ ഒക്കെ ഒരു ജീവഹാനിയില്‍ വേദന കൊള്ളാനുള്ള അവകാശം അദ്ദേഹത്തിനില്ലെ? ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ അന്തഃസത്തയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്.”അദ്ദേഹം വ്യക്തമാക്കി.