‘അദ്ദേഹത്തിന് പുരാണത്തില്‍ നല്ല പ്രാവീണ്യമുണ്ട്’; മോദിയയെും അമിത് ഷായെയും അര്‍ജ്ജുനനോടും കൃഷ്ണനോടും ഉപമിച്ച രജനികാന്തിനെ പിന്തുണച്ച് നടി സുമലത

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അര്‍ജ്ജുനനും കൃഷ്ണനും പോലെയാണെന്ന നടന്‍ രജനികാന്തിന്റെ പരാമര്‍ശത്തെ പിന്തുണച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത. രജനീകാന്തിന് പുരാണത്തില്‍ നല്ല പ്രാവീണ്യമുണ്ടെന്നും കാര്യമറിയാതെ അദ്ദേഹത്തെ വിമര്‍ശിക്കരുതെന്നും സുമലത ട്വീറ്റ് ചെയ്തു.

‘നിരവധി കമന്റുകള്‍, എല്ലാം രാഷ്ട്രീയവും. എന്നാല്‍ ഇവര്‍ക്കാര്‍ക്കും അദ്ദേഹത്തെ അറിയുക പോലുമില്ല. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വിമര്‍ശിക്കുന്ന 99 ശതമാനം ആളുകളെക്കാള്‍ നന്നായി പുരാണത്തെ കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുമായി വിയോജിക്കാം. അതില്‍ പ്രശ്‌നമില്ല.’ സുമലത ട്വിറ്ററില്‍ കുറിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിച്ചപ്പോഴാണ് മോദിയെയെം അമിത് ഷായെയും അര്‍ജുനനോടും കൃഷ്ണനോടും രജനി ഉപമിച്ചത്. രജനികാന്തിന്റെ ഈ പരാമര്‍ശത്തെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തു വന്നിരുന്നു. രജനികാന്തിനോട് മഹാഭാരതം ശരിയായി വായിക്കൂ എന്നായിരുന്നു തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ് അലഗിരിയുടെ പരിഹാസം. പരിഹാസവും വിമര്‍ശനവും ശക്തമായതോടെയാണ് രജനിയെ അനുകൂലിച്ചുള്ള സുമലതയുടെ ട്വീറ്റ്.