ബാലയുടെ വിവാഹവാര്‍ത്തയില്‍ സ്ഥിരീകരണവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്; വീഡിയോ പുറത്ത്

നടന്‍ ബാലയുടെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ ശ്രീശാന്തിനെ കുടുംബസമേതം കാണാം. ഈ വിഡിയോയിലെ ശ്രീശാന്തിന്റെ വാക്കുകളാണ് വിവാഹവാര്‍ത്തയ്ക്ക് ആധാരം. ‘മികച്ച സായാഹ്നം. ബാല അണ്ണനും ഭാര്യയ്ക്കും എന്റെ പ്രിയ പത്‌നിക്കുമൊപ്പം.’-ശ്രീശാന്ത് വിഡിയോയില്‍ പറയുന്നു.

ബാലയുടെ സുഹൃത്തും ഡോക്ടറുമായ എലിസബത്താണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ഇതിനു മുമ്പും എലിസബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ബാല പങ്കുവച്ചിരുന്നു.

എന്നാല്‍ ശ്രീശാന്തിന്റെ ഈ സ്ഥിരീകരണത്തോടെ ബാല വിവാഹിതനായി എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. തന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടാകുമെന്നും സെപ്റ്റംബര്‍ അഞ്ചിന് ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ബാല അറിയിച്ചിട്ടുണ്ട്.