ആ സംബോധന ആമി ഇഷ്ടപ്പെടുന്നില്ല, വിമര്‍ശനവുമായി സംവിധായിക ശ്രീബാല

ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മാധവിക്കുട്ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. ഈ ചര്‍ച്ചകളില്‍ മാധവിക്കുട്ടിയമ്മ എന്നും മാധവിയമ്മയെന്നും പലരും പരാമര്‍ശിച്ചു കാണുന്നുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് സംവിധായിക ശ്രീബാല കെ മേനോന്‍.

അമ്മ ചേര്‍ത്തുള്ള അഭിസംബോധനകള്‍ മാധവിക്കുട്ടി ഇഷ്ടപ്പെടുന്നില്ലെന്നും ആമി, ആമിയോപ്പു, കമല തുടങ്ങിയ വിളികളെയാണ് അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നതെന്നും ശ്രീബാല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശ്രീബാല എഴുതിയത് ഇങ്ങനെ

സിനിമക്കാരുടേയും, ആമി എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ മാധവിക്കുട്ടിയെപ്പറ്റി ആദ്യമായി ചര്‍ച്ച ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്,

ദയവ് ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുത്. അവരുടെ അമ്മയുടെ പേരാണ് ബാലാമണിയമ്മ. അവരെയാണ് അമ്മ ചേര്‍ത്ത് എല്ലാവരും സംബോധന ചെയ്തിരുന്നത്. അമ്മ ചേര്‍ത്തുള്ള സംബോധന മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. ആമി, കമല, മാധവിക്കുട്ടി, കമല സുരയ്യ, ആമിയോപ്പു, കമലേടത്തി തുടങ്ങിയ വിളികളേ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ. മാധവിയമ്മ, മാധവിക്കുട്ടിയമ്മ തുടങ്ങിയ വിളികള്‍ ചര്‍ച്ചകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും കണ്ട് സഹിക്കാതെയാണ് ഈ കുറിപ്പ്. അവര്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ആ വിളി ഒഴിവാക്കാന്‍ അപേക്ഷിക്കുന്നു.

എന്ന്
മാധവിക്കുട്ടിയുടെ “എന്തും ചെയ്യാന്‍ മടിക്കാത്ത ആരാധിക”

https://www.facebook.com/photo.php?fbid=10155988436718162&set=a.10151871183783162.1073741825.632983161&type=3&theater