‘കുമ്പളങ്ങിയുടെ കഥ അവര്‍ എന്നോട് പറഞ്ഞില്ല, മൊത്തം അലമ്പാണ് മച്ചാനേ എന്നു മാത്രമാണ് പറഞ്ഞത്’; സൗബിന്‍ ഷാഹിര്‍

മലയാള സിനിമയിലെ യുവതാരനിരയെ അണി നിരത്തി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ ധാരാളം പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രവും ഒന്നിനൊന്ന് മികച്ചു നിന്നു എന്നതാണ് ചിത്രത്തിന്റെ വിജയം. എന്നാല്‍ കുമ്പളങ്ങി നൈറ്റ്സിന്റെ കഥ ശ്യാം പുഷ്‌കരന്‍ തന്നോട് പറഞ്ഞിരുന്നില്ല എന്നാണ് സൗബിന്‍ ഷാഹിര്‍ പറയുന്നത്.

കുമ്പളങ്ങിയുടെ കഥ ഇവര് എന്നോട് പറഞ്ഞില്ല. കഥാപാത്രത്തിന്റെ കുറച്ച് സ്വഭാവം പറഞ്ഞ് മൊത്തം അലമ്പാണ് മച്ചാനേ പണിയെടുക്കേണ്ടി വരുമെന്ന് എന്ന് ശ്യാം പറഞ്ഞു. എന്നാലിത് ഇത്ര പണിയെടുക്കേണ്ടി വരുമെന്ന് ചിന്തിച്ചില്ല. തുടക്കത്തില്‍ എന്റെ കഥാപാത്രം ഭയങ്കര ബഹളക്കാരന്‍ ആണെങ്കിലും അവസാനം സോഫ്ട് ആകുന്നുണ്ട്. ശ്യം പുഷ്‌കരന്‍, ഷൈജു, ദിലീഷ് പോത്തന്‍ ഇവര്‍ സിനിമയുമായി വരുമ്പോള്‍ കഥ ചോദിക്കാറില്ല. അതുകൊണ്ട് എനിക്ക് യാതൊരു പേടിയും ഇല്ലായിരുന്നു.’ കപ്പ ടിവിയുമായുള്ള അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞു.

തന്റെ അഭിനയ ജീവിതത്തില്‍ ഏറെ പ്രയാസം തന്ന റോളായിരുന്നു കുമ്പളങ്ങിയിലെ സജിയെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞിരുന്നു. തനിക്ക് ഏറെ പ്രശംസ നേടി തന്നതും ഈ കഥാപാത്രമാണെന്നും സൗബിന്‍ പറയുന്നു. ദിലീഷ് പോത്തന്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഫെബ്രുവരി ഏഴിനാണ് തിയേറ്ററുകളിലെത്തിയത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്.