ആദ്യസിനിമയുടെ സെറ്റില്‍നിന്ന് സൗബിനെ മമ്മൂട്ടി ഓടിച്ചുവിട്ട കഥ

ഇന്ന് കേരളം മുഴുവന്‍ അറിയപ്പെടുന്ന നടനും സംവിധായകനുമാണ് സൗബിന്‍ ഷാഹിര്‍. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വരുന്നതിന് മുന്‍പ് ക്യാമറയ്ക്ക് പിന്നില്‍നിന്ന ഒരു കാലമുണ്ടായിരുന്നു സൗബിന്. അക്കാലത്ത് മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ സംവിധാന സഹായിയായി സൗബിന്‍ ഉണ്ടായിരുന്നു. അന്നുണ്ടായിരുന്ന ഒരു സംഭവം ഇപ്പോള്‍ ഓര്‍ത്തെടുക്കുകയാണ് സൗബിന്‍.

മമ്മൂട്ടിയോട് ഷോട്ട് റെഡിയാണെന്ന് പറയാന്‍ പോയതായിരുന്നു സൗബിന്‍. എന്നാല്‍ മെഗാസ്റ്റാറിനെ ആദ്യമായി നേരില്‍ കണ്ടതിന്റെ ആകാംക്ഷയില്‍ വെറുതെ നോക്കി നിന്നു പോയി. ഉടന്‍ വന്നു മമ്മൂട്ടിയുടെ വക ചോദ്യം. താനാരാടോ ?

ഷോട്ട് റെഡി സര്‍ എന്ന് മാത്രമാണ് അതിന് സൗബിന്‍ മറുപടി നല്‍കിയത്. അത് കേട്ട് മമ്മൂട്ടിക്ക് ചിരി വന്നു. എന്നിട്ട് ചോദിച്ചു, താന്‍ എത്ര വരെ പഠിച്ചു ?

ഡിഗ്രി ഫസ്റ്റ് ഇയറാണെന്ന് സൗബിന്‍ മറുപടി നല്‍കിയപ്പോള്‍ മമ്മൂട്ടി സൗബിന്റെ കൈയില്‍ ഇരുന്ന റൈറ്റിംഗ് പാഡും അതിലെ പേപ്പറുകളും വാങ്ങി അടുത്ത് നില്‍ക്കുന്ന ആളെ ഏല്‍പ്പിച്ചു പറഞ്ഞു, പോയി ആദ്യം ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടു വാ..എന്നിട്ട് മതി സിനിമ. പ്ലീസ് സര്‍ എന്നൊന്നും പറഞ്ഞിട്ട് മമ്മൂട്ടി കൂട്ടാക്കിയില്ല. കരച്ചിലിന്റെ വക്കോളമെത്തിയ സൗബിന്‍ സെറ്റില്‍നിന്ന് പോയി പിതാവിനെ കണ്ടു. ഇക്കാര്യങ്ങളൊക്കെ പറഞ്ഞു. പിന്നീട് അച്ഛനെക്കൊണ്ട് പറയിപ്പിച്ച ശേഷമാണ് സിനിമയില്‍ തുടരാന്‍ മമ്മൂട്ടി അനുവദിച്ചത്.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ പ്രമോഷന്റെ ഭാഗമായി അബുദാബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് സൗബിന്‍ ഈ പഴയ കഥ പറഞ്ഞത്. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലര്‍ 2003ലാണ് ഷൂട്ട് ചെയ്തത്. സൗബിന്‍ ഇത് പറയുമ്പോള്‍ മമ്മൂട്ടിയും കൂടെ ഉണ്ടായിരുന്നു. ഒരു പൊട്ടിച്ചിരിയില്‍ ഒതുക്കി മമ്മൂട്ടി തന്റെ പ്രതികരണം.