ഉയരക്കുറവ് ഒരു കുറവല്ല, പക്രുചേട്ടനെ അപേക്ഷിച്ച് 'കുള്ളന്‍ കളിയാക്കലുകള്‍' കുറവാണ്, അദ്ദേഹം തെളിച്ചിട്ട വഴിയില്‍ ഞാന്‍ നടക്കുകയായിരുന്നു' - സൂരജ് തേലക്കാട് അഭിമുഖം

അനു ചന്ദ്ര

കലോത്സവങ്ങള്‍ വളര്‍ത്തിയെടുത്ത “ചെറിയ” വലിയ കലാകാരനാണ് സൂരജ് തേലക്കാട്. കോമഡി ഷോകളിലും അവാര്‍ഡ് നിശകളിലും പൊട്ടിച്ചിരിയുണര്‍ത്തുന്ന സൂരജ് “ചാര്‍ളി” “ഉദാഹരണം സുജാത” തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ രംഗത്തും സാനിധ്യം അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി സൂരജ് അഭിനയിക്കുന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗ. ചിത്രത്തിന്റെ വിശേഷങ്ങള്‍ സൂരജ് സൗത്ത് ലൈവുമായി പങ്കു വെക്കുന്നു.

ടെലിവിഷനിലേക്കുള്ള സൂരജിന്റെ കടന്നു വരവ് ?

അടിസ്ഥാനപരമായി ഞാന്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് ആണ്. എട്ടാം ക്ലാസ്സ് മുതല്‍ പ്രൊഫഷണല്‍ ആയിട്ടുള്ള സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് പ്ലസ് വണ്‍, പ്ലസ് ടു പഠിക്കുന്ന സമയത്താണ് സ്റ്റേറ്റ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. മലപ്പുറത്തു നടന്ന 53 ആമത് കലോത്സവത്തില്‍ മിമിക്രിയില്‍ സെക്കന്റ് ലഭിച്ചു. ആയിടക്കാണ് ഒരുപാട് പ്രോഗ്രാം ചെയ്യാന്‍ തുടങ്ങിയത്. അങ്ങനെ നില്‍ക്കുമ്പോഴാണ് പ്രോഗ്രാം കണ്ട് കൊല്ലത്തുള്ള സജീവ് കുന്നിക്കോട് എന്ന ഒരു ആര്‍ട്ടിസ്റ്റ് വഴി മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന പ്രോഗ്രാമിലേക്ക് എത്തിയത്. സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ആയി രണ്ട് സീസണില്‍ പങ്കെടുത്തു.അങ്ങനെ പിന്നീട് ലിറ്റില്‍ സ്റ്റാര്‍സ് എന്ന നമ്മുടെ ചെറിയ ആളുകളുടെ ടീമില്‍ സ്‌കിറ്റ് ചെയ്തു തുടങ്ങി.

കലാഭവന്‍ മണിയോടൊപ്പം ചെയ്ത ഷോ നേടി തന്ന പ്രേക്ഷകപ്രീതി ?

മണി ചേട്ടനോടൊപ്പം സ്‌കിറ്റ് ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ഫോട്ടോഗ്രാഫറെ ഫോട്ടോ എടുക്കാന്‍ പഠിപ്പിക്കുന്ന ഒരു വികൃതി പയ്യന്റെ റോള്‍ ആയിരുന്നു അതില്‍. അത് വളരെ ശ്രദ്ധ നേടി. അങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. അത് കണ്ട സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാര്‍ട്ട് സിനിമയിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് ആദ്യ സിനിമയായ ചാര്‍ളിയില്‍ മുറി വൃത്തിയാക്കുന്ന പയ്യനായി അഭിനയിക്കുന്നത്. അതിനു ശേഷം കാപ്പച്ചീനോ, ഉദാഹരണം സുജാത എന്നീ രണ്ട് സിനിമകള്‍ ചെയ്തു .

കലാപരമായി ഏറ്റവും അധികം പ്രോത്സാഹനം തരുന്നത് ആരാണ്?

അച്ഛന്‍ അമ്മ നാട്ടുകാര്‍ പഠിച്ചിറങ്ങിയ സ്ഥാപനങ്ങളിലെ ഓരോ അധ്യാപകര്‍ പോലും നമ്മളെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത് പോലെ തന്നെ സുരാജ് ചേട്ടന്‍, പക്രു ചേട്ടന്‍ ഒക്കെ വളരെ സപ്പോര്‍ട്ടീവ് ആണ്.

ഗിന്നസ് പക്രുവുമായുള്ള സൗഹൃദത്തെ പറ്റി?

പക്രു ചേട്ടന്‍ കോമഡി ഫെസ്റ്റിവലിന് പോയപ്പോള്‍ അവിടെ ജഡ്ജ് ആയിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് സൗഹൃദം വളരുന്നത്. നമ്മള്‍ സാധാരണ ആളുകളെ പോലെ അല്ലല്ലോ,അത് കൊണ്ട് തന്നെ പക്രു ചേട്ടന്‍ പറയാറുണ്ട് കുറെ ശ്രദ്ധിക്കണം, നടക്കുമ്പോഴും ഓടുമ്പോഴും ചാടുമ്പോഴും എന്നൊക്കെ. അത്തരം ഉപദേശങ്ങള്‍ ഒക്കെ തരാറുണ്ട്.

സൂരജ് എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം എപ്പോഴെങ്കിലും ഈ ഉയരകുറവ് പ്രശ്‌നമായി തോന്നിയിട്ടുണ്ടോ?

ഇല്ല. കാരണം എന്താണെന്ന് വെച്ചാല്‍ പക്രു ചേട്ടനൊക്കെ വന്നത് കൊണ്ട് തന്നെ, അത്ഭുത ദ്വീപ് എന്ന സിനിമ വന്നത് കൊണ്ട് തന്നെ ആളുകള്‍ക്ക് മനസിലാകാന്‍ തുടങ്ങി ഇങ്ങനെയൊരു വിഭാഗവും ഇവിടെ ഉണ്ടെന്ന്.ആളുകള്‍ അതിനെ അംഗീകരിച്ചു തുടങ്ങി. പിന്നെ പക്രു ചേട്ടനൊക്കെ വെട്ടിയ വഴികളിലൂടെ നമ്മളും കടന്നു വന്നു എന്ന് ശരിക്കും പറയാം. അദ്ദേഹമൊക്കെ ആണ് ശരിക്കും സ്ട്രഗിള്‍ ചെയ്തിട്ടുള്ളത്. നമ്മള്‍ക്ക് വലിപ്പ കുറവിനെ ബേസ് ചെയ്തുള്ള കുള്ളന്‍ കളിയാക്കലുകള്‍, ബുദ്ധിമുട്ട് ഒക്കെ അവരെയൊക്കെ സംബന്ധിച്ചു നോക്കിയാല്‍ വളരെ കുറവാണ്.

സൂരജിനെ കുറിച്ച് പറയാമോ?

ഞാന്‍ ഇപ്പോള്‍ പിജി ചെയ്യുകയാണ്. എംകോം ആണ്. മലപ്പുറം ജില്ലയിലെ വെട്ടത്തൂരിനടുത്ത് തേലക്കാടാണ് എന്റെ നാട്. അച്ഛന്‍ അമ്മ ചേച്ചി മുത്തശ്ശി എന്നിവരടങ്ങുന്നതാണ് കുടുംബം.

ഏറ്റവും പുതിയ സിനിമയായ അഡാര്‍ ലൗവിന്റെ വിശേഷങ്ങളെ കുറിച്ച്?

ചിത്രത്തിന്റെ ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അതില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും സൂരജ് എന്നു തന്നെയാണ്.പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ പ്രധാനമായും കടന്നു വരുന്നത് കൊമേര്‍സ്, സയന്‍സ് എന്നീ രണ്ട് ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്കിടയിലെ രസകരമായ സംഭവങ്ങളാണ്. പക്ഷെ ഞാന്‍ ഇതില്‍ ഹ്യുമാനിറ്റിസിലെ വിദ്യാര്‍ഥിയായിട്ടാണ് വരുന്നത്. അതായത് ഈ രണ്ടു ബാച്ചുകളെയും തമ്മില്‍ തല്ലിക്കുന്ന തരത്തില്‍ ഉള്ള ഒരു ഫണ്ണി ആയിട്ടുള്ള കഥാപാത്രം.

കുട്ടികളുടെ കഥ പറയുന്ന ചിത്രത്തില്‍ സൂരജ് ആദ്യമായിട്ടല്ലേ അഭിനയിക്കുന്നത്?

അതേ. കംപ്ലീറ്റ് ആയി സ്റ്റുഡന്റസിലൂടെ കടന്നു പോകുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. ഉദാഹരണം സുജാതയില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ കഥാപാത്രമാണ് ചെയ്തിരുന്നത്. പക്ഷെ, ഇത്തരത്തില്‍ ഒന്നിന്റെ ഭാഗമാകുന്നത് ആദ്യമായിട്ടാണ്. മുന്‍പ്, ഫ്‌ളവേര്‍സ് ചാനലില്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ നൈറ്റ് പ്രോഗ്രാമില്‍ ഒമര്‍ക്ക രണ്ട് തവണ വന്നിരുന്നു. ഹാപ്പി വെഡ്ഡിംഗിന്റെയും ചങ്ക്‌സിന്റെയും പ്രൊമോഷന്റെ ഭാഗമായി.

ചങ്ക്‌സിന്റെ പ്രമോഷന് വന്നപ്പോള്‍ അദ്ദേഹം എന്നോട് സൂചിപ്പിച്ചിരുന്നു ഇങ്ങനെയൊരു അവസരത്തെ പറ്റി. അതിന് ശേഷമാണ് അഡാര്‍ ലൗവിലേക്ക് എന്റര്‍ ചെയുന്നത്. ഒമറിക്കയുടെ സിനിമയില്‍ ഒക്കെ അഭിനയിക്കാന്‍ സാധിച്ചു എന്നത് തന്നെ വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. പിന്നെ സിനിമ ഷൂട്ട് ചെയ്യുന്നതിനും മുന്‍പേ തന്നെ സോഷ്യല്‍ മീഡിയകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നുമാണ് ഈ അഡാര്‍ ലൗ. അതില്‍ ഒരു ഭാഗമവാന്‍ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമായാണ് തോന്നുന്നത്.