സിനിമകളെ തകര്‍ക്കുന്നവരെ കണ്ടുപിടിക്കാനാകില്ല, കാരണം അവര്‍ സിനിമയ്ക്കുള്ളില്‍ തന്നെ: സിദ്ദിഖ്

സിനിമകളെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന മാഫിയയെ പെട്ടെന്നൊന്നും കണ്ടുപിടിക്കാനോ നിയന്ത്രിക്കാനോ കഴിയില്ലെന്ന് സംവിധായകന്‍ സിദ്ദിഖ്. കാരണം അവര്‍ സിനിമയ്ക്കുള്ളില്‍ തന്നെയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഇത്തരക്കാരെ അമര്‍ച്ച ചെയ്യണമെങ്കില്‍ അവരെ പോലെ തന്നെ തരം താഴ്ന്ന രീതിയില്‍ മറ്റുള്ളവരും പെരുമാറണം. അതിലും നല്ലത് ഇത്തരം കാര്യങ്ങളെ അവഗണിച്ച് അത് കാലത്തിന്റെ കയ്യില്‍ ഏല്‍പ്പിക്കുക എന്നുള്ളതാണ്. നേരെ ചൊവ്വേയില്‍ അദ്ദേഹം പറഞ്ഞു.

സിനിമാസംഘടനകള്‍ ഇതിനെതിരെ രംഗത്ത് വരില്ലേ എന്ന ചോദ്യത്തിന് ആരും ഒറ്റക്കെട്ടായി നില്‍ക്കുന്നില്ലല്ലോ എന്നായിരുന്നുസിദ്ദിഖിന്റെ മറുപടി.

“ഇപ്പോള്‍ ഓണ്‍ലൈനില്‍ ചില ആളുകള്‍ ഇരുന്നിട്ട് ഇതിനെ നിയന്ത്രിക്കുകയാണ്. അതൊരു മാഫിയയാണ്. ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ അവനെ അവര്‍ തെറിവിളിക്കുകയാണ്. അപ്പോള്‍ അവന്‍ പിന്‍വലിയും. അപ്പോള്‍ അവന്‍ ചിന്തിക്കും എന്റെ ആസ്വാദനത്തിലെ പ്രശ്നമാണോ എന്ന്. അങ്ങനെ ഇഷ്ടപ്പെട്ടവര്‍ പോലും മാറി ചിന്തുന്നു. അത്തരത്തിലൊരു ബ്രെയിന്‍ വാഷിംഗ് ഇവിടെ നടക്കുന്നു. ഇഷ്ടപ്പെട്ടെങ്കില്‍ അവന്‍ കൊള്ളാത്തവന്‍, ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവന്‍ ബുദ്ധിജീവി എന്ന തരത്തില്‍ ആക്കിയെടുക്കുന്ന ഒരു രീതി ഇവിടെ വളരുന്നു.” സിദ്ദിഖ് പറഞ്ഞു.