'ഒരുപാട് നന്മകള്‍ ഉള്ള സ്ഥലമാണ് കണ്ണൂര്‍, പക്ഷെ രാഷ്ട്രീയ കൊലപാതകം നടക്കുന്നതില്‍ വിഷമമുണ്ട്'

ഒരുപാട് നന്മകള്‍ ഉള്ള സ്ഥലമാണ് കണ്ണൂരെന്ന് ഷെയ്ന്‍ നിഗം. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്‌സവം കാണാന്‍ എത്തിയതായിരുന്നു ഷെയ്ന്‍. “ഈട”യുടെ ഷൂട്ട് തുടങ്ങും മുന്‍പ് കണ്ണൂരില്‍ പോയിരുന്നു. അപ്പോഴാണ് അവിടത്തെ കള്‍ച്ചര്‍ അറിയുന്നത്. ഒരുപാട് നന്മകള്‍ ഉള്ള സ്ഥലമാണ്. പക്ഷെ രാഷ്ട്രീയ കൊലപാതകം നടക്കുന്നതില്‍ വിഷമം ഉണ്ടെന്നും ഷെയ്ന്‍ പറഞ്ഞു.

ആദ്യമായിട്ടാണ് കലോത്സവം കാണുന്നത്. വാപ്പച്ചിയുടെ കലാ ജീവിതം, അത് എന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ അത് എത്രത്തോളം എന്നില്‍ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട് എന്നെനിക്കറിയില്ല. സിനമിയിലേക്കുള്ള വഴി തുറന്നത് ശ്രമ ഫലമായിട്ടല്ല. അറിയാതെ വന്നതാണ്.- ഷെയ്ന്‍ പറഞ്ഞു

ഷെയ്ന്‍ നിഗത്തെ നായകനാക്കി ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന ഈട കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നിമിഷ സജയനാണ്ണ് ചിത്രത്തിലെ നായിക. സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉത്തര മലബാറും മൈസൂരും പശ്ചാത്തലമാക്കി തീവ്രമായ ഒരു പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ ബി. അജിത്കുമാറാണ്. നിര്‍മ്മാണം ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം എല്‍ ജെ ഫിലിംസാണ് തീയേറ്ററുകളില്‍ എത്തിക്കുന്നത്.