സ്ട്രീറ്റ്‌ലൈറ്റ്‌സ് സസ്‌പെന്‍സ് ത്രില്ലറല്ല, മനപ്പൂര്‍വമായി വ്യത്യസ്തത തിരുകികയറ്റിയിട്ടില്ല- സംവിധായകന്‍ ശ്യാം ദത്ത്

പോലീസ് വേഷത്തില്‍ മമ്മൂട്ടി വീണ്ടെുമെത്തുന്ന ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സിനായി വ്യത്യസ്തതയൊന്നും മനപൂര്‍വ്വം ഉണ്ടാക്കിയെടുത്തിട്ടില്ലെന്ന് സംവിധായകന്‍ ശ്യാം ദത്ത് പറഞ്ഞു. പഴയ മമ്മൂട്ടിയെയാണ് താന്‍ ചിത്രത്തില്‍ ആവിഷ്‌കരിച്ചതെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കി. സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം എന്ന പ്രചാരണത്തിന് എതിരാണ് ഞാന്‍.

സസ്‌പെന്‍സ് ത്രില്ലറെന്നും പറഞ്ഞാല്‍ ഒരു ഡാര്‍ക് ഫിലിം എന്നാണ് ആദ്യം മനസിലേയ്ക്കു വരുന്നത് . ഇത് അങ്ങനെയൊരു ചിത്രമല്ല. ഈ സിനിമയില്‍ എന്റര്‍ടൈയന്‍മെന്റ് എലമെന്റ്‌സും ഉണ്ട് കൊലപാതകം , അതിനെതുടര്‍ന്നുള്ള അന്വേഷണം എല്ലാം. എന്നാല്‍ ഞാന്‍ ഒരു ഡാര്‍ക് ഫിലിം ചെയ്യുന്ന രീതിയിലല്ല അതിനെ സമീപിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തരം പ്രതീക്ഷകളുമായി വരുന്ന പ്രേക്ഷകര്‍ നിരാശരായി മടങ്ങരുതെന്നാണ് എന്റെ ആഗ്രഹം ശ്യാം ദത്ത് പറയുന്നു.

മലയാളം , തമിഴ് , തെലുങ്ക് എന്നീ മൂന്നുഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യം മലയാളത്തില്‍ ഇറങ്ങുന്ന സിനിമ അതിനുശേഷം രണ്ടാഴ്ച്ച കഴിഞ്ഞാണ് തമിഴിലെത്തുക. എന്നാല്‍ മലയാളത്തില്‍ കഥ പറയുന്ന പശ്ചാത്തലമായിരിക്കില്ല തമിഴിന് തമിഴില്‍ സംഭാഷണങ്ങളൊരുക്കിയിരിക്കുന്നത് താനാണെന്നും ശ്യാം ദത്ത് പറഞ്ഞു.

ഇത് ഫാന്‍സിന് ആഘോഷിക്കാന്‍ പറ്റിയ സിനിമയല്ല. എന്നാല്‍ മമ്മൂട്ടി എന്ന നടനെ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന ഒന്നാണ് . തമാശയ്ക്കു വേണ്ടിയുള്ള തമാശയോ വ്യത്യസ്തതയ്ക്കു വേണ്ടിയുള്ള വ്യത്യസ്തതയോ ചിത്രത്തില്‍ ചേര്‍ത്തിട്ടില്ല. സംവിധായകന്‍ വ്യക്തമാക്കി.