സിനിമയില്‍ സ്ഥാനം ലഭിക്കാന്‍ കാരണം അച്ഛന്‍ തന്നെ, അല്ലെന്ന് പറഞ്ഞാല്‍ കുറ്റകരമാകും: ശ്രുതി ഹാസന്‍

Advertisement

ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുമ്പോള്‍ തെന്നിന്ത്യന്‍ സിനിമകളെ കുറിച്ച് നടി ശ്രുതി ഹാസന്‍. തന്റെ അച്ഛന്‍ തന്നെയാണ് തനിക്ക് സിനിമയില്‍ സ്ഥാനം ലഭിക്കാന്‍ കാരണം. അല്ലെന്ന് പറഞ്ഞാല്‍ അത് കുറ്റകരമാകും എന്നും ശ്രുതി പറയുന്നത്.

”കുടുംബപ്പേര് തന്നെയാണ് സിനിമയിലേക്കുള്ള വാതിലുകള്‍ എനിക്കായി തുറന്നത്. അത് നിക്ഷേധിക്കുന്നത് കുറ്റകരമാകും. എന്നാല്‍ ബോളിവുഡുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ഞാന്‍ മനസിലാക്കുന്നു” എന്ന് ശ്രുതി സിനിമ എക്‌സ്പ്രസിനോട് പറഞ്ഞു.

സൂര്യയുടെ ‘ഏഴാം അറിവ്’ ചിത്രത്തിലൂടെയാണ് ശ്രുതി തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. സൂര്യ സിനിമയിലെത്തിയതും അച്ഛന്‍ ശിവകുമാര്‍ കാരണമാണെന്നും ശ്രുതി പറയുന്നു. ”സൂര്യയ്‌ക്കൊപ്പമാണ് തമിഴില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ചത്. സൂര്യ സിനിമയിലെത്തിയതും അച്ഛന്‍ ശിവകുമാര്‍ കാരണമാണ്. എന്നിട്ടും അദ്ദേഹം മികച്ച അഭിനയത്തിലൂടെ താരപദവിയിലേക്ക് ഉയര്‍ന്നു.”

”ലോഞ്ച് ചെയ്തതിന് ശേഷം ടാലന്റുണ്ടെങ്കില്‍ മാത്രമേ തമിഴ്, തെലുങ്ക് സിനിമകളില്‍ പിടിച്ചു നില്‍ക്കാനാകുള്ളു. കഠിനമായി പരിശ്രമിച്ചാല്‍ സാധിക്കും. എന്നാല്‍ ബോളിവുഡില്‍ വ്യത്യസ്തമാണെന്ന് ഞാന്‍ കരുതുന്നു” എന്ന് ശ്രുതി വ്യക്തമാക്കി.