രജനി സാറും മമ്മൂട്ടിയും അവിടെ ഉണ്ടായിരുന്നു, എന്നാല്‍ ഞാന്‍ കരയുന്നത് മമ്മൂട്ടി മാത്രമേ കണ്ടിട്ടുള്ളു: ശോഭന

ഒരു സിനിമാ ചിത്രീകരണത്തിനിടെ കരഞ്ഞു പോയ അനുഭവം പങ്കുവെച്ച് നടി ശോഭന. “ദളപതി” എന്ന സിനിയുടെ ലൊക്കേഷനില്‍ വച്ച് താന്‍ കരയുന്നത് മമ്മൂട്ടി മാത്രമേ കണ്ടിട്ടുള്ളുവെന്നും ശോഭന ഒരു തമിഴ് മാധ്യമത്തോട് വ്യക്തമാക്കി. ദളപതിയില്‍ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും വേഗം വീട്ടിലേക്ക് മടങ്ങാനായില്ലെന്ന് ശോഭന പറയുന്നു.

“”ദളപതിയുടെ ചിത്രീകരണ സമയത്ത് രണ്ട് മലയാള സിനിമകള്‍ ചെയ്ത് പൂര്‍ത്തിയാക്കിയിരുന്നു. ഇരുപത് ദിവസം കൊണ്ട് അന്നൊക്കെ ഒരു സിനിമയുടെ ഷൂട്ടിംഗ് തീരും. വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു അത് തീര്‍ത്ത് വീട്ടില്‍ പോകണം എന്നുണ്ടായിരുന്നു. എന്നാല്‍ കോടികള്‍ മുടക്കി എടുക്കുന്ന വലിയ സിനിമയായതിനാല്‍ ഷൂട്ടിംഗ് വിചാരിച്ച വേഗത്തില്‍ തീര്‍ന്നില്ല.””

“”കാള്‍ ഷീറ്റ് കഴിഞ്ഞെങ്കിലും ഇന്ന് പോകാം നാലെ പോകാം എന്ന് പറഞ്ഞു നീണ്ടു പോയി. പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ അന്ന് തീരേണ്ട ഒരു സീന്‍ മാത്രം ബാക്കിയായി. അതു കൂടി തീര്‍ത്തിട്ട് പോകാം എന്ന് പറഞ്ഞപ്പോള്‍ കരച്ചിലടക്കാനായില്ല. എന്നാല്‍ മമ്മൂക്ക അത് കണ്ടു. എന്താണ് കരയുന്നതെന്ന് ചോദിച്ചു.”

“വീട്ടില്‍ പോയിട്ട് കുറേ നാളായി അമ്മയെ കാണണം എന്നും ഞാന്‍ പറഞ്ഞു. ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത്… വേഗം വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ചു. അന്നെനിക്ക് ഇരുപത് വയസ്സേയുള്ളൂ”” എന്നും ശോഭന പറഞ്ഞു. 1991ല്‍ റിലീസായ സിനിമയാണ് ദളപതി. ചിത്രത്തിലെ ശോഭന അവതരിപ്പിച്ച “യമുന ആട്രിലെ” എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.