'ജയിലിൽ കിടന്നപ്പോൾ ആരും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് വിചാരിച്ചില്ല, അതുകൊണ്ട് കാശിന്റെ പേരിൽ താൻ അതൊന്നും വേണ്ടെന്ന് വെയ്ക്കില്ല; ഷൈൻ ടോം ചാക്കോ

സോഷ്യൽ മീഡിയയുടേയും പൊതുസമൂഹത്തിന്റേയും വിമർശനങ്ങൾക്ക് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന​ നടനാണ് ഷൈൻ ടോം ചാക്കോ. ‘കുടുക്ക് 2025’ന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ വാർത്താ സമ്മേളനത്തിൽ ഷെെൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ജയിലിൽ കിടന്ന സമയത്ത് ഒരാൾ പോലും ഇനി സിനിമയിലേക്ക് വിളിക്കില്ലെന്ന് കരുതിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ തന്നെ സംബന്ധിച്ച് ഒരാൾ തന്നെ സിനിമയിലേക്ക് വിളിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് ഷൈൻ പറയുന്നു. അത്തരം അവസരങ്ങൾ കാശിന്റെ പേരിൽ താൻ വേണ്ടെന്ന് വെക്കില്ല. പൈസ കുറവാണെന്ന് കരുതി ആരും ജോലി വേണ്ടെന്ന് വെക്കില്ലെന്നും ജോലി ഇല്ലാത്ത അവസ്ഥയാണ് ഏറ്റവും മോശമെന്നും ഷൈൻ പറഞ്ഞു.

ആരും കൂടെ കൂട്ടില്ല എന്ന് കരുതിയ തനിക്ക് മമ്മൂട്ടി നൽകിയ ആത്മവിശ്വാസത്തെ കുറിച്ചും ഷൈൻ പറഞ്ഞു. ആ സമയത്ത് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ആരും എന്നെ വിളിക്കില്ല ആരും തന്റെ കൂടെ ഇനി ഫോട്ടോ എടുക്കില്ല എന്നൊക്കെ. താൻ അതിനു ശേഷം ആരോടൊപ്പവും സെൽഫി എടുക്കാറില്ല. പ്രത്യേകിച്ച് ആക്‌ടേഴ്‌സിന്റെ അടുത്ത്.

ഒരാൾ വന്ന് സെൽഫി എടുക്കുന്നത് അത്ര സുഖമൊന്നുമില്ലെന്ന് നമുക്ക് അറിയാലോ. അതുകൊണ്ട് തന്നെ താൻ ആരോടും ചോദിച്ചിട്ടില്ല. എന്നാൽ ഭീഷ്മയുടെ സമയത്ത് മമ്മൂക്ക വിളിച്ചിട്ട്, ഷൈനെ വന്നേ നമുക്ക് ഒരു ഫോട്ടോയെടുക്കാം എന്ന് പറഞ്ഞു. അത് വളരെയധികം ആത്മവിശ്വാസം ഉണ്ടാക്കി.

ഒരു നടൻ എന്ന രീതിയിലും ഇങ്ങനെ ഒരു അവസ്ഥയിൽ നിന്ന് വന്ന ആൾ എന്ന നിലയിലും. ഇത്തരം അവസ്ഥയിലൂടെ കടന്ന് വന്ന ഒരാളെ മുന്നോട്ട് നയിക്കുന്നത് അങ്ങനെയുള്ള സന്ദർഭങ്ങളാണ്. തനിക്ക് അഭിനയം മാത്രമേ ഉള്ളു. മറ്റു എങ്ങോട്ടെങ്കിലും പോകണോ എന്തെങ്കിലും ചെയ്യാനോ താൻ ഇല്ലെന്നും ഷൈൻ പറഞ്ഞു.