ഏഴംഗ സംഘം നാളെ 'ഇന്ത്യ' എന്ന ബോട്ടില്‍ കടലിലേക്ക് ഇറങ്ങുകയാണ്; അടിത്തട്ടിന് ആശംസകളുമായി ഷൈന്‍ ടോം ചാക്കോ

 

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ജിജോ ആന്റണി ചിത്രം ‘അടിത്തട്ട് ‘ നാളെ തിയേറ്ററുകളിലേക്ക്. ഏഴംഗ സംഘത്തിന്റെ കടലിന്റെ അടിത്തട്ടിലേക്കുള്ള യാത്രയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഷൈന്‍ ടോം ചാക്കോ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തില്‍ ആംബ്രോസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അംബ്രോസും കടലും തമ്മിലുള്ള ബന്ധമാണ് കുറിപ്പില്‍ പറയുന്നത്.

അഷ്ടമുടിക്കായലില്‍ നിന്നും അറബിക്കടലിലേക്കുള്ള തന്റെ ജീവിതം ഊതിക്കാച്ചി ഉരുക്കാക്കിയ കരുത്താനാണ് ആംബ്രോസ് എന്നാണ് കഥാപാത്രത്തെ കുറിച്ച് പറയുന്നത്. ആംബ്രോസ് മാര്‍ക്കോസ്, ഡിങ്കന്‍, നെല്‍സണ്‍, കാംബ്ലി ജോസഫ്, മുള്ളന്‍ എന്നിങ്ങനെയാണ് മറ്റു കഥാപാത്രങ്ങളുടെ പേരുകള്‍.

കടല് കണ്ട കാലം മുതല്‍ കടലിനപ്പുറത്തൊരു കരയുണ്ടെന്ന് വിശ്വസിക്കാനാണ് ആംബ്രോസ്സിനിഷ്ടം. അത് കൊണ്ടായിരിക്കും ഉള്‍ക്കടലിന്റെ ആഴമോ, കോളുമാറ്റത്തിന്റെ വന്യതയോ കണ്ട് അവന്‍ പേടിച്ചിട്ടില്ലാത്തത്. താന്‍ ചവിട്ടി നില്‍ക്കുന്നിടമാണ് തന്റെ ലോകമെന്നാണ്, അതിന് വേണ്ടിയാണ് ആംബ്രോസ്സിന്റെ വാദവും യുദ്ധവും. ആംബ്രോസ്സാണ് കടല്‍വേട്ടയുടെ ഏഴു പേരിലെ ഒന്നാം ശക്തിയും. അഷ്ടമുടിക്കായലില്‍ നിന്നും അറബിക്കടലിലേക്കുള്ള തന്റെ ജീവിതം ഊതിക്കാച്ചി ഉരുക്കാക്കിയ കരുത്തനെ അവതരിപ്പിച്ചിരിക്കുന്നത് ഷൈന്‍ ടോം ചാക്കോ ആണ്.

ആംബ്രോസ്സും മാര്‍ക്കോസും ഡിങ്കനും നെല്‍സണും കാംബ്ലിയും ജോസഫും മുള്ളനും കൂടുന്ന ഏഴംഗ സംഘം നാളെ ‘ഇന്ത്യ’ എന്ന ബോട്ടില്‍ കടലിലേക്കിറങ്ങുകയാണ്. ‘അടിത്തട്ട്’ നാളെമുതല്‍ നിങ്ങളുടെ തൊട്ടടുത്ത തീയറ്ററുകളില്‍. ഷൈന്‍ ടോം കുറിച്ചു.

മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് അടിത്തട്ട്. പാപ്പിനുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിഗ് നൗഫല്‍ അബ്ദുള്ളയാണ്.