മമ്മൂക്കയെ പോലെയല്ല, ദുല്‍ഖര്‍ ഷൈ ആണ്... മലയാളം വായിക്കാന്‍ അവന് ബുദ്ധിമുട്ടാണ്: ഷൈന്‍ ടോം ചാക്കോ

ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ അത്രത്തോളം സംസാരിക്കില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ദുല്‍ഖറിനൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരമാണ് ഷൈന്‍. ദുല്‍ഖര്‍ കുറച്ച് ഷൈ ആണ്. മലയാളം അത്ര ഈസി അല്ല, വായിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

”ദുല്‍ഖര്‍ മമ്മൂക്കയുടെ അത്ര സംസാരിക്കില്ല. സംസാരപ്രിയനല്ല. കുറച്ച് ഷൈ ആണ്. മലയാളം അധികം ഈസിയല്ല പുള്ളിക്ക്. വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ എല്ലാ ഭാഷയും ദുല്‍ഖര്‍ കൈകാര്യം ചെയ്യും” എന്നാണ് ഷൈന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ ഷൈനിന്റെ വാക്കുകളും വൈറലായിരുന്നു. ദുല്‍ഖറിനെക്കാള്‍ തനിക്ക് സൗഹൃദമുള്ളത് മമ്മൂക്കയോടൊണ്. മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്.

കാരണം മമ്മൂക്കയുടെ സിനിമകളില്‍ ഇതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. ‘കറുത്ത പക്ഷികള്‍’, ‘രാപ്പകല്‍’, ‘ഡാഡി കൂള്‍’ എന്നിവയില്‍. അതിന് ശേഷമാണ് ‘ഉണ്ട’യില്‍ അഭിനയിക്കുന്നത്. എന്നാല്‍ ദുല്‍ഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല എന്നാണ് ഷൈന്‍ പറഞ്ഞത്.

അതേസമയം, ‘വിചിത്രം’ ആണ് ഷൈനിന്റെതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന പുതിയ ചിത്രം. അച്ചു വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘പടവെട്ട്’, ‘ജിന്ന്’, ‘വെള്ളേപ്പം’, ‘കുടുക്ക്’, ‘റോയ്’, ‘അടി’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.