മന്നത്തിലേക്ക് സന്ദര്‍ശനം ഒഴിവാക്കണം, ബന്ധുക്കളോടും സുഹൃത്തുക്കളോടും ഷാരൂഖ് ഖാന്‍

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി ബാന്ദ്രയിലെ ഷാറൂഖ് ഖാന്റെ ആഢംബര വസതിയായ മന്നത്തില്‍ തിരിച്ചെത്തി. ആര്‍തര്‍ റോഡ് ജയിലില്‍നിന്ന പുറത്തിറങ്ങിയ മകനെ കൊണ്ടുപോവാന്‍ ഷാറൂഖ് നേരിട്ടെത്തിയിരുന്നു. താരപുത്രന്‍ കുറച്ച് ദിവസം മന്നത്തില്‍ കഴിയുമെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്നുമാണ് വിവരം.

അതേസമയം, സുരക്ഷ മുന്‍നിര്‍ത്തി മന്നത്തിലേക്ക് ആരും സന്ദര്‍ശനത്തിനായി എത്തരുതെന്നാണ് ഷാറൂഖ് സുഹൃത്തുക്കളോടും ബന്ധുക്കളോടും അറിയിച്ചിരിക്കുന്നത്. താരത്തിന്റെ മാനേജര്‍ പൂജ ദദ്ലാനിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബസുഹൃത്തുക്കളോടടക്കം ആര്യനെ സന്ദര്‍ശിക്കാന്‍ മന്നത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.

Read more

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ജയിലില്‍ നിന്നിറങ്ങിയ താരപുത്രനെ സ്വീകരിക്കാന്‍ ആരാധകര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. മന്നത്തിന് മുന്നിലും വലിയ ജനാവലിയാണ് ആര്യനെ വരവേല്‍ക്കാന്‍ എത്തിയത്. മാധ്യമങ്ങളും ഫോട്ടോഗ്രാഫേഴ്സും മന്നത്തിന് മുന്നില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.