വേറെ ആരെയും കിട്ടിയില്ലേ എന്ന് ആമിര്‍ ആരാധകരോട് കിംഗ് ഖാന്‍, ഷാരൂഖ് എന്റെ കാല് നക്കുകയാണ്, ഞാന്‍ അവന് ബിസ്‌ക്കറ്റ് കൊടുക്കുന്നുണ്ടെന്ന് ആമിര്‍: വിവാദം

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖും സല്‍മാനും ആമിറും തമ്മിലുള്ള സൗഹൃദവും വഴക്കുമൊക്കെ എന്നും ആരാധകരുടെ ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്.
ഇന്ന് ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. പരസ്പരം പരസ്യമായി തന്നെ പുകഴ്ത്തുകയും ഒരുമിച്ച് വേദി പങ്കിടുകയൊക്കെ ചെയ്തിട്ടുമുണ്ട്.

എന്നാല്‍ ഒരിടയ്ക്ക് ആമിറും ഷാരൂഖും തമ്മിലുള്ള ഭിന്നത ബോളിവുഡിലെ പരസ്യമായ രഹസ്യമായിരുന്നു. പല സാഹചര്യങ്ങളും ഇരുവരും പരസ്പരം കളിയാക്കുകയോ മോശം വാക്കുകളിലൂടെ പ്രതികരിക്കുകയോ ചെയ്തിട്ടുണ്ട്. അത്തരത്തില്‍ വിവാദമായ ഒന്നായിരുന്നു കോഫി വിത്ത് കരണില്‍ ഷാരൂഖ് ഖാന്‍ നടത്തിയ പ്രതികരണം. ഷാരൂഖും കജോളും 2004 ല്‍ കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയപ്പോഴായിരുന്നു സംഭവം.

റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ ആമിര്‍ ഖാന്‍ ആരാധകരോടായി എന്താണ് പറയാനുള്ളത് എന്ന് കരണ്‍ ചോദിച്ചപ്പോള്‍ ഷാരൂഖ് നല്‍കിയ മറുപടി നിങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്നൊരു ഐക്കണിനെ കണ്ട് പിടിക്കൂ എന്നായിരുന്നു.

എന്നാല്‍ പിന്നീട് കുറച്ച് കാലത്തേക്ക് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ എവിടേയും ചര്‍ച്ചയായിരുന്നു. ഒടുവില്‍ നാല് വര്‍ഷത്തിന് ശേഷം 2008 ല്‍ ഇരുവര്‍ക്കുമിടയിലെ ഭിന്നത വീണ്ടും ചര്‍ച്ചയായി. തന്റെ ബ്ലോഗിലൂടെ ആമിര്‍ ഖാന്‍ ഷാരൂഖ് ഖാനെ അപമാനിച്ചതോടെയായിരുന്നു സംഭവം ചര്‍ച്ചയാകുന്നത്. തന്റെ നായയെ ആമിര്‍ ഷാരൂഖ് എന്ന് വിളിച്ചതായിരുന്നു വിവാദമായത്. ” ഞാനിവിടെ ഈ മരത്തിന് കീഴിലിരിക്കുകയാണ്. സമുദ്രത്തില്‍ നിന്നും ഏതാണ്ട് അയ്യായിരം അടി ഉയരത്തില്‍. അമ്മിയും റയും ജുനൈദും അരികിലുണ്ട്. ഷാരൂഖ് എന്റെ കാല് നക്കുകയാണ്. ഞാന്‍ അവന് ഇടയ്ക്ക് ഇടയ്ക്ക് ബിസ്‌ക്കറ്റ് കൊടുക്കുന്നുണ്ട്” ഷാരൂഖ് ആരാധകര്‍ ഇതോടെ ആമിറിനെതിരെ രംഗത്ത് എത്തുകയായിരുന്നു.

ആമിറിന്റെ ഈ പരാമര്‍ശത്തിനെതിരെ ഷാരൂഖും രംഗത്ത് എത്തിയിരുന്നു. തന്റെ മക്കളോട് ആമിര്‍ ഖാനെ ആരാധിക്കരുതെന്ന് പറയുമെന്നും അവരെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു ആമിറിന്റെ വാക്കുകളെന്നുമായിരുന്നു ഷാരൂഖിന്റെ പ്രതികരണം. എന്നാല്‍ ഇന്ന് നല്ല സുഹൃത്തുക്കളാണ് ആമിറും ഷാരൂഖും. ഈ സൗഹൃദത്തെ അടയാളപ്പെടുത്തുക എന്ന നിലയിലാണ് ലാല്‍ സിംഗ് ഛദ്ദയില്‍ ഷാരൂഖ് അതിഥി വേഷത്തിലെത്തുന്നത്.