ആ രംഗം കണ്ടതിന് ശേഷം ഞാന്‍ നേരെ പോയി സംവിധായകന്റെ ചെകിടത്തടിച്ചു; വെളിപ്പെടുത്തലുമായി നടി ഷാരോണ്‍ സ്റ്റോണ്‍

തന്റെ അനുവാദമില്ലാതെ ചില രംഗങ്ങള്‍ ചിത്രീകരിച്ചതിന് സംവിധായകന്‍ പോള്‍ വര്‍ഹൂവന്റെ ചെകിടത്തടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഷാരോണ്‍ സ്‌റ്റോണ്‍. വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ഓര്‍മ്മക്കുറിപ്പിലാണ് നടി തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്.

1992 ല്‍ പുറത്തിറങ്ങിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമായ ബേസിക് ഇന്‍സ്റ്റിക്റ്റിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം. പോള്‍ വര്‍ഹൂവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഷാരോണ്‍ സ്റ്റോണ്‍, മൈക്കള്‍ ഡഗ്ളസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഷാരോണ്‍ സ്റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന്‍ ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. പ്രശസ്തമായ ഈ രംഗം തന്നെ കബളിപ്പിച്ചാണ് സംവിധായകന്‍ ചിത്രീകരിച്ചതെന്ന് ഷാരോണ്‍ സ്റ്റോണ്‍ പറയുന്നു.

സിനിമ പൂര്‍ത്തിയായതിന് ശേഷം എന്നോട് അത് കാണാന്‍ ആവശ്യപ്പെട്ടു ഞാന്‍ ഈ രംഗം കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. എന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ല എന്ന ഉറപ്പിലാണ് അഭിനയിച്ചത്. പക്ഷേ കബളിക്കപ്പെട്ടു. ഞാന്‍ നേരേ പ്രൊജക്ഷന്‍ മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്റെ ചെകിടത്തടിച്ചു- ഷാരോണ്‍ സ്റ്റോണ്‍ പറയുന്നു.