മനോരോഗ പ്രസ്താവന: നിര്‍മ്മാതാക്കളെ മുഴുവന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ മറുപടിയെന്ന് ഷെയ്ന്‍ നിഗം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയില്‍ ഷെയ്ന്‍ നിഗം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ ഷെയ്ന്‍ ക്ഷമാപണം നടത്തിയും രംഗത്ത് വന്നിരുന്നു. താന്‍ നിര്‍മ്മാതാക്കളെ മുഴുവന്‍ ഉദ്ദേശിച്ചല്ല അത് പറഞ്ഞതെന്നും താനങ്ങനെ മനസില്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ന്‍ പറയുന്നു.

“ഞാന്‍ പ്രൊഡൂസേഴ്‌സ് കൗണ്‍സിലിലുള്ള എല്ലാ പ്രൊഡൂസേഴ്‌സിനും മനോരോഗമാണെന്ന് പറഞ്ഞിട്ടില്ല. ഞാനങ്ങനെ മനസുകൊണ്ട് ഉദ്ദേശിച്ചിട്ടുമില്ല. എന്റെ അടുത്ത് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത് പ്രൊഡൂസറിന്റെ മനോവിഷമം എന്നാണ്. അപ്പോള്‍ ഞാന്‍ കാരണം പ്രശ്‌നത്തിലായുള്ള പ്രൊഡൂസറെയാവും അവര്‍ ഉദ്ദേശിച്ചിരിക്കുക. ഇതിനാല്‍ തന്നെ ജോബി ചേട്ടനെ ഉദ്ദേശിച്ചായിരുന്നു എന്റെ മറുപടി. കുറച്ച് പുറകോട്ട് ഒന്ന് ചിന്തിച്ചാല്‍ എന്താണ് ഞാന്‍ മനോരോഗമെന്നതു കൊണ്ട് ഉദ്ദേശിച്ചതെന്ന് മനസിലാകും. ഞാന്‍ അപ്പോഴത്തെ സാഹചര്യത്തില്‍ പറഞ്ഞതാണ്. അത് വളരെ സീരീസായി നടത്തിയ ഒരു പ്രസ്താവനയല്ല. അത് കാരണം അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.”

“പ്രൊഡൂസേഴ്‌സ് അസോസിയേഷന് വിഷമുണ്ടാകാന്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. കാരണം, ജോബി ചേട്ടന്‍ പ്രൊഡൂസേഴ്‌സ് അസോസിയേഷനില്‍ അംഗത്വമുള്ള ഒരാളല്ല. അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച പ്രൊഡൂസര്‍ അസോസിയേഷനില്‍ അംഗമല്ല. ഞാന്‍ ജോബി ചേട്ടനെ മാത്രമാണ് ഉദ്ദേശിച്ചത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെയാണ് മാപ്പ് പറഞ്ഞത്. രണ്ട് കൂട്ടകര്‍ക്കും നീതി ലഭിക്കണം.” റിപ്പോട്ടറിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ ഷെയ്ന്‍ പറഞ്ഞു.