വിലക്ക് നീങ്ങുമെന്ന് കരുതുന്നു, 'അമ്മ' ഇടപെടുമെന്നാണ് പ്രതീക്ഷ: ഷെയ്ന്‍ നിഗം

വിലക്ക് നീങ്ങുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.

“മുടങ്ങിയ മൂന്ന് സിനിമകളും പൂര്‍ത്തിയാക്കാന്‍ തയ്യാറാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നതനുസരിച്ച് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാം. പ്രശ്‌നപരിഹാരത്തിന് “അമ്മ” സംഘടന ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്‌നങ്ങള്‍ എല്ലാം അവസാനഘട്ടത്തിലേക്ക് എത്തുകയാണ്.” ഷെയ്ന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.

വിദേശത്ത് പോയ മോഹന്‍ലാല്‍ മടങ്ങി വന്ന ശേഷം പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നാണ് ഫെഫ്കയുടെ നിലപാട്. ഈ മാസം 22ന് അമ്മ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ടെന്നും അതിനു ശേഷം ഷെയ്‌നുമായി സഹകരിച്ച് ചര്‍ച്ച നടത്തുമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.