വിഷമഘട്ടത്തില്‍ ഒപ്പം നിന്നവരോട് സ്‌നേഹം, ഫാന്‍ ഫൈറ്റിന് എന്നെ കരുവാക്കരുത്: ഷെയിന്‍ നിഗം

സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി യുവനടന്‍ ഷെയിന്‍ നിഗം ഇന്നലെ രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഷെയിന്റെ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെ ഷെയിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തു വന്നത്. അതോടൊപ്പം തന്നെ ഇതിനെ ചുറ്റിപ്പറ്റി ചില ഫാന്‍ ഫൈറ്റുകളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചും ഫാന്‍ ഫൈറ്റിന് തന്നെ കരുവാക്കരുതെന്നും അഭ്യര്‍ത്ഥിച്ച് രംഗത്തു വന്നിരിക്കുകയാണ് ഷെയ്ന്‍.

“എന്റെ ഒരു വിഷമഘട്ടത്തില്‍ എന്റെ തോളോട് തോള് ചേര്‍ന്ന് ഒപ്പം നിന്ന എല്ലാവര്‍ക്കും സ്‌നേഹം. ഈ വിഷയത്തില്‍ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാന്‍ ഫൈറ്റുകളിലേക്കും ദയവ് ചെയ്തു എന്നെ കരുവാക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു. സ്‌നേഹം മാത്രം…” ഷെയിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംഭവത്തില്‍ ഷെയിന്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത് സംഘടനയിലെ ആഭ്യന്തരവിഷയമാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് താരസംഘടനയായ അമ്മയുടെ നിലപാട്.