'ബാലയ്യ എന്റെ റോള്‍ മോഡല്‍ മാത്രമല്ല... എന്റെ ഗോഡ് ഫാദര്‍ കൂടിയാണ്'; ജയ് ബാലയ്യ വിളികളുമായി ഷംന കാസിം, വീഡിയോ

വിവാദ പരാമര്‍ശങ്ങളിലൂടെയും പൊതുവിടങ്ങളിലെ വിചിത്രമായ പ്രതികരണങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറയാറുള്ള തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷ്ണ. താരത്തെ കുറിച്ച് നടി ഷംന കാസിം പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ബാലകൃഷ്ണയും ഷംനയും അഭിനയിച്ച അഖണ്ഡ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിലാണ് നടി സംസാരിച്ചത്.

സിനിമാജീവിതത്തില്‍ റോള്‍ മോഡലും ഗോഡ് ഫാദറുമായി കാണുന്നത് സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയെ ആണ് എന്നാണ് ഷംന പറഞ്ഞത്. ജയ് ബാലയ്യ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന ഷംനയുടെ വീഡിയോയും ശ്രദ്ധ നേടുകയാണ്.

”ജയ് ബാലയ്യ…. അഖണ്ഡ എന്ന ബിഗ് ബജറ്റ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്ന ബോയപതി ശ്രീനു സാറിന് നന്ദി പറയുന്നു. ഞാന്‍ കേരളത്തില്‍ നിന്നുള്ള ആളാണ്…. ഒരുപാട് കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ… ബാലയ്യയെ പോലെ ഊര്‍ജ്ജസ്വലനായ ഒരാളുടെ കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല.”

”ബാലയ്യ എന്റെ റോള്‍ മോഡല്‍ മാത്രമല്ല… എന്റെ ഗോഡ് ഫാദര്‍ കൂടിയാണ്” എന്നാണ് ഷംന കാസിമിന്റെ വാക്കുകള്‍. ബോയപതി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡ ഡിസംബര്‍ 2ന് ആണ് റിലീസ് ചെയ്യുന്നത്. അതേസമയം, ദൃശ്യം 2-വിന്റെ തെലുങ്ക് പതിപ്പാണ് ഷംനയുടെതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.