'അച്ഛന്‍ എഴുകോണത്ത് പ്രസംഗിക്കാന്‍ പോയപ്പോള്‍ ഗുണ്ടകളെ വിട്ട് തല്ലിക്കാന്‍ ശ്രമിച്ചയാളാണ് ഗണേഷ് കുമാര്‍'; ഗുരുതര ആരോപണങ്ങളുമായി ഷമ്മി തിലകന്‍

നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകന്‍. ഗണേഷ് കുമാര്‍ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും തന്റെ അച്ഛനായ തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാറെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടിന് 10 മീറ്റര്‍ അകലെയായി ഒരു കെട്ടിടമുണ്ടായിരുന്നു. പൂര്‍ണമായും നിയമവിരുദ്ധമായ കെട്ടിടമായിരുന്നു അത്. അതിനെതിരേ ഞാന്‍ പരാതി കൊടുത്തു. അവര്‍ ഗുണ്ട മാഫിയയയാണ് പ്രവര്‍ത്തിച്ചത്. എന്റെ അച്ഛനെതിരേ വരെ പോലും അവര്‍ പരാതി നല്‍കി. അതിനെതിരേ ഗണേഷ് കുമാറിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ എനിക്കെതിരേ കേസെടുത്തു.

ഞാന്‍ നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് നീതി നേടിയത്. എന്നിട്ടാണോ ഗണേഷ് കുമാര്‍ വലിയ വര്‍ത്തമാനം പറയുന്നത്. അച്ഛന്‍ എഴുകോണത്ത് പ്രസംഗിക്കാന്‍ പോയപ്പോള്‍ ഗുണ്ടകളെ വിട്ട് തല്ലിക്കാന്‍ ശ്രമിച്ചയാളാണ് ഗണേഷ് കുമാര്‍. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാള്‍ ഗണേഷ് കുമാറാണ്. അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍ എന്ന് പറഞ്ഞതും ഗണേഷ് കുമാറാണ്.

Read more

തിരഞ്ഞെടുപ്പിന് മുന്‍പായി അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് വീടുകള്‍ പണിത് നല്‍കി. അതെല്ലാമാണ് ചോദിച്ചത്. അവര്‍ക്ക് ഇതെല്ലാം സഹിക്കാന്‍ പറ്റുമോ. ഗണേഷ് കുമാര്‍ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന ആശങ്ക പ്രകടിപ്പിച്ചത്. ഇവിടുത്തെ പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് 6 കോടിയുടെ കേസുണ്ട്. അത് എന്തുകൊണ്ടാണ്. ഇതൊന്നും എന്താണ് ഗണേഷ് കുമാര്‍ ചോദിക്കാത്തത്. ഞാന്‍ ചെയ്യാത്ത കാര്യം പറഞ്ഞാല്‍ ഇനി മറുപടി ഇതായിരിക്കില്ല. ഞാന്‍ പലതും തുറന്ന് പറയും. എന്നെ ചൊറിയരുത്, മാന്തും, വെറുതെ അത് ചെയ്യിപ്പിക്കരുത്- ഷമ്മി തിലകന്‍ പറഞ്ഞു.