ഒന്നും ചെയ്യാതെ, ഒരു നിലപാടും ഇല്ലാതെയിരുന്നാല്‍ ആര്‍ക്കെങ്കിലും വിശ്വാസം ഉണ്ടാകുമോ; മോഹന്‍ലാലിനെ കുറിച്ച് ഷമ്മി തിലകന്‍

താര സംഘടന ‘അമ്മ’യുടെ 2021-24 ഭരണസമിതി തിരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ഷമ്മി തിലകന്റെ നോമിനേഷന്‍ തള്ളുകയും ഇതിനെതിരെ ഷമ്മി തിലകന്‍ സംഘടനക്കെതിരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലില്‍ വിശ്വാസമുണ്ടെന്നും ഇല്ലെന്നും പറയാനാവില്ലെന്നു പറയുകയാണ് ഷമ്മി തിലകന്‍. ഡൂള്‍ ന്യൂസുമായുള്ള അഭിമുഖത്തിലാണ് ഷമ്മി തന്റെ നിലപാടുകള്‍ പറഞ്ഞത്.

‘പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലില്‍ വിശ്വാസം ഉണ്ടെന്നോ ഇല്ലെന്നോ തത്കാലം പറയാന്‍ പറ്റുന്നില്ല. അതുപോലെയുള്ള എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാലല്ലേ പറയാന്‍ പറ്റൂ. ഞാന്‍ ഒരു പ്രസിഡന്റായാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആളുകള്‍ക്ക് എന്നില്‍ വിശ്വാസമുണ്ടാകുന്നത്. ഒന്നും ചെയ്യാതെ ഒരു നിലപാടുമില്ലാതെയിരുന്നാല്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടാകുമോ?,’ ഷമ്മി പറഞ്ഞു.

തന്റെ നോമിനേഷന്‍ മനഃപൂര്‍വം തള്ളിയതാണെന്നും താന്‍ മത്സരിക്കരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും ഷമ്മി പറഞ്ഞിരുന്നു. അതേസമയം അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.