'അച്ഛനാകില്ല എന്ന ഉത്തമ ബോദ്ധ്യം ഉള്ളതു കൊണ്ട് അമ്മയുടെ സെക്രട്ടറി ആയി': ഇടവേള ബാബുവിന് എതിരെ ഷമ്മി തിലകന്‍

താരസംഘടന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുബിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.

ഷമ്മി തിലകന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെ ഒരു ആരാധകന്‍ കമന്റ് ചെയ്ത് സംശയത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. ലൈംഗിക പീഡനപരാതിയില്‍ വിജയ് ബാബുവിനെതിരായ നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍, മറ്റൊരു വിഷയത്തില്‍ അച്ചടക്കസമിതി പരിഗണിക്കുന്ന ഷമ്മി തിലകന്റെ വിഷയംകൂടി ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചായിരുന്നു ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച നടപടി അറിയിക്കുന്ന പത്രക്കുറിപ്പില്‍ ഇടവേള ബാബു തന്റെ പേര് വലിച്ചിഴച്ചത് ഗൂഢ താല്പര്യം മൂലമാണെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കി.