ഏഴ് പേരില്‍ ചിലര്‍ ഒരു മാഫിയ പോലെ പ്രവര്‍ത്തിക്കുന്നു, അന്ന് എന്താണ് ചെയ്യേണ്ടതെന്ന് മോഹന്‍ലാല്‍ എന്നോട് ചോദിച്ചു: ഷമ്മി തിലകന്‍

താരസംഘടന അമ്മയുടെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതിന് പിന്നില്‍ ചില സംശയങ്ങളാണെന്ന് ഷമ്മി തിലകന്‍. താന്‍ ഏതെങ്കിലും തരത്തില്‍ അവര്‍ക്കെതിരെ നീങ്ങുന്നു എന്നുളള ഭയം ആണെന്നും ഷമ്മി തിലകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ഒരു സംഘടന എന്ന നിലയ്ക്ക് അമ്മയോട് തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ നേതൃത്വത്തിലുളള 7 പേരില്‍ ചിലര്‍ ഒരു മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും അക്കാര്യം പറയുന്നുണ്ട്. അവരുടെ പേര് ഹേമ കമ്മീഷന്‍ വെളിപ്പെടുത്തണം എന്ന് അമ്മ നേതൃത്വം എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തത്. താനത് ചെയ്യാന്‍ അവര്‍ പറയുന്നത് എന്തുകൊണ്ടാണ്.

നേതൃത്വത്തിലെ പ്രബലരായ 7 പേരില്‍ ചിലര്‍ക്കാണ് തന്നോട് പ്രശ്നമുളളത്. താന്‍ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും എതിരെ പ്രവര്‍ത്തിക്കുകയോ ആരുടെയെങ്കിലും വേഷം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല.

മോഹന്‍ലാല്‍ ഒരിക്കല്‍ തന്നോട് ചോദിച്ചത് അമ്മ സംഘടന എന്ത് ചെയ്യണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത് എന്നാണ്. അതിന് മറുപടിയായി ഏഴ് പേജുളള ഒരു റിപ്പോര്‍ട്ട് താന്‍ കൊടുത്തു. അതിലെ കാര്യങ്ങള്‍ നടപ്പില്‍ വരികയാണ് തനിക്ക് വേണ്ടത്, ഷമ്മി തിലകന്‍ വ്യക്തമാക്കി.