‘ഓള്’ ഒരു ഫാന്റസി ചിത്രം: സംവിധായകന്‍ ഷാജി എന്‍.കരുണ്‍ പറയുന്നു

ഷെയിന്‍ നിഗമിനെയും എസ്തര്‍ അനിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓള്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന്‍. കരുണ്‍ ഒരുക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായിരുന്ന ‘ഓള്’ റിലീസിന് എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാലോകം.

ഓള് ഒരു ഫാന്റസി ചിത്രമാണെന്നാണ് ഷാജി എന്‍.കരുണ്‍ പറയുന്നത്. ‘ഇത് ഒരു ഫാന്റസി ചിത്രമാണ്. എല്ലാ മനുഷ്യരും മൃഗങ്ങളുമൊക്കെ സ്വപ്നം കാണും. നല്ല സ്വപ്നം കാണുന്നവരെ നന്മയുള്ള വ്യക്തികളായിട്ടാണ് ഞാന്‍ കാണുന്നത്. അത് അവരുടെ സ്വഭാവത്തെ ചൂണ്ടിക്കാട്ടുന്നു. രാത്രി കിടന്നുറങ്ങുമ്പോള്‍ കാണുന്ന സ്വപ്നം. പ്രായത്തിനനുസരിച്ച് മാറും. പണ്ടു കണ്ടിരുന്ന നിറമുള്ള സ്വപ്നങ്ങള്‍ പിന്നീട് കണ്ടെന്ന് വരില്ല. ചിലര്‍ക്ക് സ്വപ്നങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യാം. സ്വപ്നമില്ലെങ്കിലും നല്ല വ്യക്തിയായി ജീവിച്ച് മുന്നോട്ട് പോകാനാകും. സ്വപ്നം നല്ലതാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറി നില്‍ക്കലാണത്. മലയാള സിനിമ ആ മേഖലയിലേക്ക് തിരിഞ്ഞു നോക്കിയിട്ടുണ്ടെന്ന് കരുതുന്നില്ല.’ കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു.

ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. പ്രായപൂര്‍ത്തി എത്തുംമുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം. എ.വി അനൂപ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അന്തരിച്ച എം.ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം ഓളിലൂടെ രാധാകൃഷ്ണന് ലഭിച്ചിരുന്നു. ചിത്രം ഈ മാസം 20- ന് തിയേറ്ററുകളിലെത്തും.