സത്യം പറഞ്ഞാല്‍ ഇഷ്ടം സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്, കുഞ്ചാക്കോ ബോബനെ നായകനാക്കാന്‍ ആയിരുന്നു പ്ലാന്‍: തിരക്കഥാകൃത്ത്

ഇഷ്ടം സിനിമയെ കുറിച്ചുള്ള അറിയാക്കഥകള്‍ പറഞ്ഞ് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍. സിബി മലയലിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇഷ്ടം. അച്ഛന്‍ ജോലി ചെയ്യുന്നതു കണ്ട് മകന്‍ പറഞ്ഞ വാക്കുകളാണ് സിനിമയുടെ കഥയിലേക്ക് എത്തിച്ചത് എന്ന് തിരക്കഥാകൃത്ത് പറയുന്നു. ”ആകെയുള്ള അച്ഛനാണ്. ഉലക്കകൊണ്ട് അടിച്ചു വളര്‍ത്തിയതിനാല്‍ അനുസരണയോടെ എല്ലാം ചെയ്‌തോളും” എന്ന് തമാശയായി പറഞ്ഞപ്പോള്‍ ഒരു കഥ തെളിഞ്ഞു.

സത്യം പറഞ്ഞാല്‍ സിനിമയുടെ കഥ താന്‍ മോഷ്ടിച്ചതാണ്. മഹാഭാരതത്തില്‍ ഭീഷ്മരും അച്ഛന്‍ ശന്തനുവും തമ്മിലുള്ള ബന്ധമായിരുന്നു തന്റെ പ്രമേയം. സത്യവതിയെ പ്രണയിച്ച ശന്തനുവിന്റെ വിവാഹം നടത്തികൊടുക്കുന്നത് മകനായ ഭീഷ്മരാണ്. ഇതാണ് ഇഷ്ടത്തിന്റെയും കഥ എന്ന് കലവൂര്‍ രവികുമാര്‍ പറയുന്നു.

കുഞ്ചാക്കോ ബോബനെ ആയിരുന്നു ആദ്യം നായകനാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായി വന്നപ്പോള്‍ ദിലീപ് ചെയ്താല്‍ നന്നാകുമെന്നു തോന്നി. അങ്ങനെ നായകന്‍ പവന്റെ വേഷത്തിലേക്ക് ദിലീപ് വന്നു. പവന്റെ അച്ഛനായ കൃഷ്ണന്‍കുട്ടി മേനോനായി നെടുമുടി വേണുവിനെയും സുഹൃത്ത് നാരായണനായി ഇന്നസന്റിനെയും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു.

ശ്രീദേവി ടീച്ചറായി പുതിയൊരു മുഖത്തെ കൊണ്ടുവരാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ജയസുധയിലേക്കെത്തുന്നത്. സിനിമയിലെ കോമഡി ഇത്രയധികം വര്‍ക്കൗട്ടാകാന്‍ സഹായിച്ചത് ദിലീപ് ഇന്നസന്റ് നെടുമുടി കൂട്ടുകെട്ടു തന്നെയാണ്. തൃശൂരില്‍ വച്ചായിരുന്നു ചിത്രീകരണം. കൈതപ്രവും മോഹന്‍ സിത്താരയും ഒരുക്കിയ ഗാനങ്ങളും ഹിറ്റായെന്നും കലവൂര്‍ രവികുമാര്‍ പറഞ്ഞു.