സ്ട്രീറ്റ്‌ലൈറ്റ്‌സ് മമ്മൂട്ടിയുടെ താരപരിവേഷത്തെ ചൂഷണം ചെയ്യാത്ത ചിത്രം; തിരക്കഥാകൃത്ത് ഫവാസ്

മമ്മൂട്ടി ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സ് വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തും. നവാഗതനായ ഷംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഴുനീള ആക്ഷന്‍ നെടുനീളന്‍ ഡയലോഗുകളുമുള്ള മാസ് ചിത്രമല്ല സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തെക്കുറിച്ച് ആരാധകര്‍ ഹൈപ്പ് സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ അമിത പ്രതീക്ഷ ഉണ്ടാവാതിരിക്കാനാണ് സംവിധായകന്‍ ഇങ്ങനെ ഒരു വിശദീകരണവുമായി രംഗത്ത് വന്നത്.

എന്താണ് സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ പ്രത്യേകത എന്ന് തിരക്കഥാകൃത്ത് ഫവാസ് മുഹമ്മദിനോട് ചോദിച്ചു അദ്ദേഹം സൗത്ത്‌ലൈവിന് നല്‍കിയ ഉത്തരം ഇതാണ്.

മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ മനസ്സില്‍ കണ്ട് നിര്‍മ്മിച്ച ചിത്രമല്ല സ്ട്രീറ്റ്‌ലൈറ്റ്‌സ്. ഇതിന്റെ തിരക്കഥ എഴുതുമ്പോള്‍ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും കാണാന്‍ കഴിയുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമായിട്ടാണ് വിഭാവനം ചെയ്തത്. ചിത്രത്തിന്റെ ട്രെയിലറിലും ടീസറിലുമൊക്കെ ഫൈറ്റും വെടിവെപ്പുമൊക്കെ ഉള്ളത് കൊണ്ട് ഇത് ആ ജോണറിലുള്ള സിനിമയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്.

പക്ഷെ, മമ്മൂട്ടി എന്ന നടന്റെ താരപരിവേഷം കൊണ്ടല്ല മറിച്ച് കഥ കൊണ്ടായിരിക്കും ഈ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടുക. മമ്മൂട്ടിക്കൊരു താരപരിവേഷമുണ്ട്, അതിനെ അവിടെ നിര്‍ത്തിക്കൊണ്ട് താരപരിവേഷത്തെ ചൂഷണം ചെയ്യാതെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, മമ്മൂട്ടി ഫാന്‍സിന് സിനിമ കണ്ടാല്‍ നിരാശ വരില്ല. ആരാധകര്‍ക്കായുള്ള ചേരുവകളും സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. സിനിമ അടിച്ചുപൊളിക്കാന്‍ മാത്രമുള്ളതല്ല, ആസ്വദിക്കാന്‍ കൂടി ഉള്ളതാണെന്നതാണ് ഞങ്ങളുടെ ആശയം.

ആരാധകര്‍ക്ക് മാത്രം ആസ്വദിക്കാനുള്ള സിനിമ എന്നതില്‍നിന്ന് മാറി എല്ലാവര്‍ക്കും ആസ്വദിക്കാന്‍ എന്ന കോണ്‍സെപ്റ്റാണ് ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്. മമ്മൂട്ടി സെന്‍ട്രിക്ക് അല്ല സ്ട്രീറ്റ്‌ലൈറ്റ്‌സ്, സ്‌റ്റോറി സെന്‍ട്രിക്ക് ആണെന്ന് ചുരുക്കം.

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയുമായി സ്ട്രീറ്റ്ലൈറ്റിനു മത്സരം വരുന്നത് ആശങ്കാജനകമാണ്. ആദിയ്ക്കാണ് ഹൈപ്പ് കൂടുതല്‍ സ്ട്രീറ്റ്ലൈറ്റ്സിനു വേണ്ടി അത്ര ഹൈപ്പൊന്നും സൃഷ്ടിച്ചിട്ടില്ല. പ്രേക്ഷകര്‍ അറിഞ്ഞ് ഇഷ്ടപ്പെട്ടു സ്വീകരിക്കുമെന്നാണ് വിശ്വാസം.