എന്താണിത്? തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യൂ എന്ന് പറഞ്ഞാണ് പ്രതിഫലം തീരുമാനിച്ചത്: ബ്ലാക്ക് വിഡോ ഒ.ടി.ടി റിലീസിന് എതിരെ സ്‌കാര്‍ലെറ്റ്

കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് “ബ്ലാക്ക് വിഡോ” ഒടിടിയില്‍ റിലീസ് ചെയ്ത ഡിസ്നിക്കെതിരെ നിയമ നടപടിയുമായി നടി സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍.

ഡിസ്നിയുടെ മാര്‍വല്‍ എന്റര്‍ട്ടെയിന്‍മെന്റുമായുള്ള കരാര്‍ അനുസരിച്ച് ചിത്രം തിയറ്ററില്‍ ആദ്യം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്, അതിനാല്‍ ബോക്സ് ഓഫീസ് പ്രകടനം അനുസരിച്ചായിരുന്നു താരത്തിന്റെ പ്രതിഭലവും നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച് ചിത്രം ഒടിടി റിലീസ് ചെയ്തുവെന്ന് നടി പരാതിപ്പെടുന്നു. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലോസാഞ്ചലസിലെ സുപീരിയര്‍ കോടതിയില്‍ വ്യാഴാഴ്ച്ചയാണ് സ്‌കാര്‍ലറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡിസ്നി മനപ്പൂര്‍വ്വം മാര്‍വല്‍ എന്റര്‍ട്ടെയിന്‍മെന്റുമായുള്ള സ്‌കാര്‍ലെറ്റ് ജോണ്‍സണിന്റെ കരാര്‍ ലംഘിക്കുകയായിരുന്നുവെന്നാണ് ആരോപണം. അതിലൂടെ മാര്‍വലുമായി പറഞ്ഞ് വെച്ച മുഴുവന്‍ പ്രതിഫലവും സ്‌കാര്‍ലറ്റിന് ലഭിക്കാതിരിക്കാനാണ് ഈ ലംഘനം നടത്തിയതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഹര്‍ജി നല്‍കിയത് കൊണ്ട് യാതൊരു ഗുണവും ഇല്ല. ലോകമെമ്പാടും കൊവിഡ് വ്യാപനത്താല്‍ പൊരുതുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിയമ നടപടി തികച്ചും സങ്കടകരമാണെന്നായിരുന്നു ഡിസ്നിയുടെ പ്രതികരണം.