'രണ്ടു ദിവസമായി വൈദ്യുതിയില്ല, പുരസ്‌കാരം ലഭിച്ച വിവരം പറഞ്ഞത് അയല്‍വാസി'; പ്രളയത്തിനിടയ്ക്ക് ലഭിച്ച ആശ്വാസവാക്കാണ് ഇതെന്ന് സാവിത്രി

66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശം പ്രളയത്തിനിടയ്ക്ക് ലഭിച്ച ആശ്വാസമാണെന്ന് സാവിത്രി ശ്രീധരന്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനമാണ് സാവിത്രിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം നേടി കൊടുത്തത്. രണ്ട് ദിവസമായി വൈദ്യുതിയില്ലാത്തതിനാല്‍ ടിവിയില്‍ കാണാന്‍ പറ്റിയില്ലെന്നും അയല്‍വാസിയാണ് പുരസ്‌കാര വിവരം അറിയിച്ചതെന്നും സാവിത്രി പറഞ്ഞു.

“കനത്തമഴ കാരണം രണ്ടുദിവസമായി വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടി.വി.യും കാണാന്‍ പറ്റിയില്ല. അയല്‍വാസിയാണ് പുരസ്‌കാരം ലഭിച്ച വിവരം അറിയിച്ചത്. സംഭവം ആദ്യം സാവിത്രി വിശ്വസിച്ചില്ല. അപ്പോഴത്തേക്കും അഭിനന്ദനസന്ദേശങ്ങളും ഫോണ്‍വിളികളുമെത്തി തുടങ്ങിയിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഫോണിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.” സാവിത്രി പറഞ്ഞു.

പ്രളയത്തിന്റെ ഇടയ്ക്ക് ലഭിച്ച ഒരു ആശ്വാസവാക്കാണ് പുരസ്‌കാരമെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടെന്നും സാവിത്രി പറഞ്ഞു. വെസ്റ്റ് മാങ്കാവിലെ വയലക്കര വീട്ടിനുള്ളിലേക്ക് ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിലാണ് സാവിത്രി. വെള്ളം കയറിയാല്‍ ബന്ധുവീട്ടിലേക്കോ ക്യാമ്പിലേക്കാ മാറാനുള്ള തീരുമാനത്തിലാണ് സാവിത്രിയും കുടുംബവും.