മമ്മൂട്ടിക്ക് ഒരു നായിക വന്നാല്‍ ഒരു പ്രണയം കൊണ്ടുവരാം, ഗാനം ഉള്‍പ്പെടുത്താം എന്ന ചിന്ത വന്നു, കാര്യങ്ങള്‍ മാറി: സത്യന്‍ അന്തിക്കാട്

 

മമ്മൂട്ടി – സത്യന്‍ അന്തിക്കാട് – എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘കളിക്കളം’. മമ്മൂട്ടി കള്ളനായി വേഷമിട്ട ഈ സിനിമയുടെ രസകരമായ ഒരു അണിയറ കഥ ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് സത്യന്‍ അന്തിക്കാട് . ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ഒരു നായികയില്ലായിരുന്നുവെന്നും പിന്നീട് ആ സിനിമയിലേക്ക് ശോഭന വന്നതിനെക്കുറിച്ചും സത്യന്‍ അന്തിക്കാട് തുറന്നു പറയുകയാണ്.

‘കളിക്കളം എന്ന സിനിമ ആദ്യം ആലോചിക്കുമ്പോള്‍ അതില്‍ നായികയില്ലായിരുന്നു. ഒരു പോലീസിന്റെയും, കള്ളന്റെയും കളിയാണ് ‘കളിക്കളം’ പറഞ്ഞത്. പോലീസായി മുരളിയും, കള്ളനായി മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍ നായികയ്ക്ക് എവിടെയും സ്‌പേസ് ഇല്ലായിരുന്നു. അങ്ങനെ തന്നെ സിനിമ ചെയ്യാന്‍ ഞങ്ങളും തീരുമാനിച്ചു. പക്ഷേ ഒരു നായിക വന്നാല്‍ നല്ലൊരു ഗാനം ഉള്‍പ്പെടുത്താം, ഒരു പ്രണയം കൊണ്ടുവരാം, എന്നൊക്കെയുള്ള ചിന്ത വന്നതോടെ കാര്യങ്ങള്‍ മാറി’.

‘ആ സിനിമയ്ക്ക് വേണ്ടി ഒരു നായികയെ സൃഷ്ടിച്ചത് പ്രശസ്ത നിര്‍മ്മാതാവ് സിയാദ് കോക്കറാണ്. സിയാദ് അതിനു വേണ്ടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി അത് ഞങ്ങളോട് പറയുകയായിരുന്നു. അങ്ങനെയാണ് ‘കളിക്കളം’ എന്ന സിനിമയിലേക്ക് നായിക വരുന്നതും, ശോഭനയെ മമ്മൂട്ടിയുടെ നായികയായി കാസ്റ്റ് ചെയ്യുന്നതും’ സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.