നിനക്ക് മറ്റേത്, മറിച്ചത് എന്നൊക്കെ പറഞ്ഞിട്ട് നല്ല തെറിയാണ്, ശ്രീനിയാവട്ടെ സ്റ്റിയറിംഗും പിടിച്ച് ഇങ്ങനെ മിണ്ടാതിരിക്കുകയാണ്; രസകരമായ അനുഭവം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

 

തലയണമന്ത്രം എന്ന സിനിമയില്‍ ശ്രീനിവാസനെ ഡ്രൈവിങ് പഠിപ്പിക്കാനായി മാമുക്കോയ എത്തുന്ന രംഗമൊക്കെ യഥാര്‍ത്ഥത്തില്‍ നടന്‍ ശ്രീനിവാസന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ക്ലബ്ബ് എഫ് എമ്മുമായുള്ള അഭിമുഖത്തിലാണ് സിനിമയിലെ ആ രംഗത്തിന് കാരണമായ ആ രസകരമായ സംഭവം സംവിധായകന്‍ പങ്കുവെച്ചത്.

‘ഞാനും ശ്രീനിവാസനും ഡ്രൈവിങ് പഠിച്ചത് മദ്രാസിലാണ്. നാടോടിക്കാറ്റൊക്കെ കഴിഞ്ഞ സമയം. ശ്രീനിവാസനെ കണ്ടാല്‍ എല്ലാവരും തിരിച്ചറിയും. അങ്ങനെ ഒരു തമിഴന്‍മാരുടെ ഡ്രൈവിങ് സ്‌കൂളിലേക്ക് പോയി.ആറ് ദിവസമാണ് പഠിക്കേണ്ടത്. രാവിലെ തന്നെ ഞങ്ങള്‍ എഴുന്നേറ്റ് പോകും. അവരുടെ വിചാരം ഞങ്ങള്‍ തമിഴ്നാട്ടില്‍ ഡ്രൈവിങ് ജോലിക്കായി വരുന്ന രണ്ട് മലയാളികള്‍ ആണെന്നാണ്.

അങ്ങനെ ഒരു ദിവസം ശ്രീനിവാസന്റെ അടുത്ത് അവര്‍ വണ്ടി കൊടുത്തു. ഞാനും ശ്രീനിയുമടക്കം ആറ് പേരുണ്ട് ഈ വണ്ടിയില്‍. ശ്രീനി വണ്ടി കൊണ്ട് ഒരു പോക്കങ്ങ് പോയി. വണ്ടി ഒരു പോസ്റ്റില്‍ ഇടിക്കാന്‍ തുടങ്ങുമ്പോഴേക്കും ഡ്രൈവിങ് പഠിപ്പിക്കുന്നയാള്‍ എങ്ങനെയോ ബ്രേക്ക് ചെയ്ത് നിര്‍ത്തി. അന്ന് അയാള്‍ വിളിച്ച തെറിയുണ്ട്. അതിന്റെ നാലിലൊന്ന് പോലും തലയണമന്ത്രം എന്ന സിനിമയില്‍ മാമുക്കോയ പറയുന്നില്ല.

‘മുണ്ട, തലയ്ക്ക് അറിവുണ്ടോ നിനക്ക് മറ്റേത്, മറച്ചത് എന്നൊക്കെ ് നല്ല തെറിയാണ്. ശ്രീനിയാവട്ടെ സ്റ്റിയറിങ്ങും പിടിച്ച് ഇങ്ങനെ മിണ്ടാതിരിക്കുകയാണ്. അങ്ങനെ വണ്ടിയില്‍ നിന്ന് ഇറങ്ങിയതും പുള്ളിയുടെ ആദ്യത്തെ ഡയലോഗ് ‘ ഈ നടന്നത് നമ്മള്‍ രണ്ടുപേരും മാത്രമേ അറിഞ്ഞിട്ടുള്ളൂ പുറത്താരും അറിയരുത്’. ഞാന്‍ പറഞ്ഞു, ഇല്ല ഒരാളും അറിയില്ല. അപ്പോള്‍ തന്നെ ഞാന്‍ മോഹന്‍ലാലിനെ വിളിച്ചു, ജോണ്‍സണെ വിളിച്ചു, വിപിന്‍ മോഹനെ വിളിച്ചു. ഫ്‌ലാഷായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.