പാര്‍ട്ടി ചര്‍ച്ചകളില്‍ അനാവശ്യമായ ബുദ്ധിജീവി സംസാരമാണ്, അതു കൊണ്ടാണ്, നമ്മള്‍ എന്തുകൊണ്ട് തോറ്റു എന്ന് അവര്‍ക്ക് പിടി കിട്ടാത്തത്: സത്യന്‍ അന്തിക്കാട്

ശ്രീനിവാസന്‍ രചിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ സന്ദേശം മലയാളത്തിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായിരുന്നു. ഇപ്പോഴിതാ ഈ സിനിമയിലെ രംഗങ്ങളും ഡയലോഗുകളും യഥാര്‍ത്ഥ രാഷ്ട്രീയത്തില്‍ എത്രത്തോളമുണ്ടെന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനിവാസനൊപ്പം മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം.

രാഷ്ട്രീയക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പലപ്പോഴും ബുദ്ധിജീവി സംസാരങ്ങളിലൂടെ യഥാര്‍ത്ഥ കാര്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് പോകാറാണ് പതിവെന്നും തിരഞ്ഞെടുപ്പ് തോല്‍വികളുടെ കാരണം കണ്ടെത്താന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കാതെ പോകുന്നതിന്റെ കാരണം ഇതാണെന്നുമാണ് സംവിധായകന്‍ പറയുന്നത്.

”പാര്‍ട്ടി ചര്‍ച്ചകളില്‍ പലപ്പോഴും ഇത്തരം അനാവശ്യമായ ബുദ്ധിജീവി സംസാരമാണ്. അതുകൊണ്ടാണ്, നമ്മള്‍ എന്തുകൊണ്ട് തോറ്റു, എന്നതിന്റെ കാരണം പാര്‍ട്ടികള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്തത്.ഇതൊഴിവാക്കി ജനങ്ങളെ നന്നായി സേവിക്കുകയും അവര്‍ക്ക് നന്മ ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍ മാത്രം മതി. ഏത് പാര്‍ട്ടിക്കും ജയിച്ച് വരാം. തോറ്റു കഴിഞ്ഞാല്‍ ഉടനെ അതിന്റെ ‘അന്തര്‍ധാര സജീവമായിരുന്നു’ എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ കടക്കുന്നത്,” അദ്ദേഹം പറഞ്ഞു.