ഇപ്പോൾ വീട്ടിലിരുന്നു സിനിമ കണ്ട് ആളുകൾ മടുത്തിരിക്കുന്നു; ശുഭപ്രതീക്ഷയോടെ സത്യൻ അന്തിക്കാട്

കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സിനിമ ശക്തമായി തിരിച്ചെത്തുമെന്ന ശുഭാപ്തിവിശ്വാസം പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട് .

മനോരമയുടെ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത് .

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ

ഏതൊരു ദുരന്തമുണ്ടായാലും അതിൽനിന്ന് അതിവേഗം കരകയറുന്നവരാണു മലയാളികൾ. അതുകൊണ്ടു തന്നെ ഈ കാലവും കടന്നുപോകും. തിയറ്ററുകൾ വീണ്ടും സജീവമാകും. ആളുകൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒതുങ്ങുമെന്ന വാദം ശരിയല്ല. എത്ര വീടുകളിൽ ഹോം തിയറ്ററുകളുണ്ടാകും? സ്റ്റാർ വാല്യു ഉള്ളതും വിജയസാധ്യതയുള്ളതുമായ ചിത്രങ്ങൾ മാത്രമാണ് ഒടിടി പ്ലാറ്റ്ഫോമുകൾ വാങ്ങുന്നത്. അല്ലാത്ത ചിത്രങ്ങളിൽ അവർക്കും താൽപര്യമില്ല. ഒടിടി റിലീസിനു വേണ്ടി മാത്രവും നല്ല ചിത്രങ്ങൾ വരട്ടെ. ലാഭവുമുണ്ടാക്കട്ടെ. എന്നാൽ, അതു മാത്രമാണു ഭാവി എന്ന സ്ഥിതിയില്ല, ഉണ്ടാവുകയുമില്ല.

ഇപ്പോൾ വീട്ടിലിരുന്നു സിനിമ കണ്ട് ആളുകൾ മടുത്തിരിക്കുന്നു. തിയറ്ററുകൾ തുറക്കുമ്പോൾ മുൻപത്തെക്കാൾ കൂടുതൽ ജനം മടങ്ങി വന്നേക്കാം. താൽക്കാലികമായ ഒരു പ്രതിഭാസം മാത്രമാണു കോവിഡ്. നാം വിചാരിച്ചതിനെക്കാൾ കുറെക്കൂടി നാൾ ഇതു നീണ്ടേക്കാം. എന്നാൽ, അവസാനിക്കാതിരിക്കില്ല.