മോഹന്‍ലാലിനെ വെച്ച് സൂപ്പര്‍ഹിറ്റ് പടങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ, എന്നെ വെച്ച് ചെയ്യാന്‍ കഴിയാത്തത് നിങ്ങളുടെ കുറ്റം: മമ്മൂട്ടി പറഞ്ഞു: സത്യന്‍ അന്തിക്കാട്

മമ്മൂട്ടി സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ 1989 പുറത്തിറങ്ങിയ ചിത്രമായിരുന്നു അര്‍ത്ഥം. വേണു നാഗവള്ളി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ജയറാം, ശ്രീനിവാസന്‍, പാര്‍വതി, മുരളി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അന്ന് സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രം ഒരുങ്ങിയതിന് പിന്നിലുണ്ടായ കഥ പറയുകയാണ് സത്യന്‍ അന്തിക്കാട്. മമ്മൂട്ടിയുടെ മുന്നില്‍ തന്റെ മാനം രക്ഷിക്കുന്നതിന് വേണ്ടിയുമാണ് അര്‍ത്ഥം നിര്‍മിച്ചതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയുമായുള്ള അനുഭവം പങ്കുവെച്ചത്.

‘അതിന് ശേഷം മറ്റൊരു പടത്തിന്റെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു, നിങ്ങള്‍ മോഹന്‍ലാലിനെ വെച്ച് നിരവധി ഹിറ്റുകള്‍ ചെയ്യുന്നുണ്ട്, എനിക്കും ധാരാളം സൂപ്പര്‍ ഹിറ്റുകള്‍ വരുന്നുണ്ട്, നിങ്ങള്‍ക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണെന്ന്.

അത് എനിക്ക് ഉള്ളില്‍ കൊണ്ടു. മമ്മൂട്ടിയെ വെച്ച് ഒരു പടം ചെയ്യണമെന്ന് ഞാന്‍ വിചാരിച്ചു. വേണു നാഗവള്ളിയെ വിളിച്ച് നമുക്കൊരു സ്‌ക്രിപ്റ്റ് ചെയ്യണമെന്നും മമ്മൂട്ടിയെ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു കഥാപാത്രമുണ്ടാവണമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ബില്‍ഡ് ചെയ്ത കഥാപാത്രമാണ് ബെന്‍ നരേന്ദ്രന്‍.