ഇങ്ങനെയൊക്കെയാണ് എന്‍റെ നായകന്‍; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

അടുത്തിടെയാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യാനൊരുങ്ങുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയത്. നിറം (കഥ), അറബിക്കഥ, ഫോര്‍ ദ പീപ്പിള്‍, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിനായും തിരക്കഥയെഴുതുന്നത്. ഇപ്പോഴിത് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മമ്മൂട്ടി എന്ന നടനില്‍ നിന്നും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഭാവങ്ങള്‍ക്കും അപ്പുറമുള്ള ഭാവപ്രകടനം ഈ ചിത്രത്തില്‍ സംഭവിച്ചേക്കാമെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

“ഈ സിനിമ സാധാരണക്കാരനായ നായകന്റെ കഥയാണ്. എന്റെ സിനിമകളുടെ ഒരു പാറ്റേണ്‍ അതാണ്. സാധാരണക്കാരനായ വളരെ സജീവമായി നാട്ടുകാരുടെ ഇടയില്‍ ഇടപെടുന്ന കഥാപാത്രം. ആ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പറയാറായിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടേ ഉള്ളൂ. മമ്മൂട്ടിയെ വച്ചാണ് പുതിയ സിനിമ ചെയ്യുന്നതെന്ന് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞത് ഈയടുത്ത കാലത്താണ്. കുറച്ചു സമയം വേണമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. എനിക്ക് ആവശ്യമുളളതും സമയമാണ്.”

“ഒരു സിനിമയിലേക്ക് ഫോക്കസ് ചെയ്യുമ്പോള്‍ ആ സിനിമ മാത്രമേ എന്റെ മനസ്സില്‍ ഉണ്ടാവാറുള്ളൂ. ഇനി ഈ പ്രോജക്ടിന് ശേഷമേ മറ്റൊരു സിനിമയെക്കുറിച്ച് ഞാന്‍ ചിന്തിക്കൂ. മമ്മൂട്ടി എന്ന നടനില്‍ നിന്നും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഭാവങ്ങള്‍ക്കും അപ്പുറമുള്ള ഭാവപ്രകടനം ഈ ചിത്രത്തില്‍ സംഭവിച്ചേക്കാം. അത്തരമൊരു സാധ്യത നിറഞ്ഞ കഥാപാത്രത്തെയാണ് ഞങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.