പുതിയ നല്ല സിനിമകള്‍ എനിക്ക് പാഠപുസ്തകങ്ങളാണ്, അതിനാല്‍ അവയോട് മത്സരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നുമുണ്ട്; സത്യന്‍ അന്തിക്കാട്

സിനിമാരംഗത്തുണ്ടാവുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സിനിമ ചെയ്യുന്ന സംവിധായകനാണ് താനെന്ന് സത്യന്‍ അന്തിക്കാട്. അതിനാല്‍ ഇന്നും പുതിയ ചിത്രങ്ങളോട് മത്സരിച്ചു നില്‍ക്കാന്‍ കഴിയുന്ന സിനിമകള്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് സൗത്ത് ലൈവിന്റെ ഫെയ്‌സ്ടു ഫെയ്‌സില്‍ അദ്ദേഹം പറഞ്ഞു.

ഞാന്‍ ഒരിക്കലും തുടങ്ങിയ സ്ഥലത്തു മാത്രം നില്‍ക്കുന്ന ഒരാളല്ല. അതുകൊണ്ടാണ് പുതിയ സംവിധായകരും പുതിയ സിനിമകളും എന്നെ ഏറ്റവുംകൂടുതല്‍ പ്രചോദിപ്പിക്കുന്നത്. നല്ല ചിത്രങ്ങള്‍ കാണുമ്പൊള്‍ അതിനെ അഭിനന്ദിച്ചു ഞാന്‍ എഴുതാറുണ്ട്. പരിചയമില്ലെങ്കിലും സംവിധായകരെ അങ്ങോട്ട് വിളിച്ചു അഭിനന്ദിക്കാറുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവയെല്ലാം എന്റെ പാഠപുസ്തകങ്ങളാണ്. അവരോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.

അപ്പോള്‍ സിനിമയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിലും അറിയാതെ സംഭവിക്കുന്നുണ്ട്. അത് ബോധപൂര്‍വ്വമല്ല. ജീവിതസാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍, സാങ്കേതിക രംഗത്ത് ഉണ്ടായ മാറ്റങ്ങള്‍ എല്ലാം ഉള്‍കൊള്ളാന്‍ ഒരു മനസ് ഉള്ളതാണ് എന്റെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ അതെല്ലാം എന്‍ജോയ് ചെയ്യുന്നുണ്ട്.

അപ്പോള്‍ ഞാന്‍ ചെയ്യുമ്പോഴും അവരോടു മത്സരിക്കാന്‍ തക്കതായ സിനിമകള്‍ ചെയ്യുന്നു എന്നുള്ളതാണ്. എല്ലാ പുതുമകളും പരീക്ഷിക്കുവാന്‍ ഞാന്‍ തയ്യാറാണ്. അതേ സമയം ഞാന്‍ വിശ്വസിക്കുന്ന നിലവാരം നിലനിര്‍ത്തുവാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യും. ഏറ്റവും പുതിയ സംവിധായകന്റെ ഒപ്പം സഞ്ചരിക്കാനാണു എനിക്ക് ഇഷ്ടം. സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.